തിരുവല്ല : തിരുവല്ല കുറ്റൂർ ജംഗ്ഷനിൽ അപകടം പതിവാകുന്നു. തിങ്കളാഴ്ച തിരുവല്ലയിൽ നിന്നു ചെങ്ങന്നൂർ ഭാഗത്തേക്ക് വന്ന കാറിടിച്ച് ഓതറ സ്വദേശിയായ വീട്ടമ്മ മരിച്ചു. അപകടത്തിൽ ഒരാൾക്ക് പരുക്കേറ്റമാണ് അവസാന സംഭവം.
തിരുവല്ലയിൽ നിന്നു തോണ്ടറ പാലം ഇറങ്ങിവരുന്ന ചെറിയ വളവ് കാരണം പല വാഹനങ്ങളും നിയന്ത്രണം വിട്ട് അപകടത്തിൽപെടാറുണ്ട്. 3 വർഷത്തിനുള്ളിൽ കവലയ്ക്ക് ഇരു വശങ്ങളിലുമായി വാഹനാപകടങ്ങളിൽ 10 പേർ മരിച്ചു. 3 മാസത്തിനുള്ളിൽ 8 അപകടവും 3 മരണം സംഭവിച്ചു. പരുക്കേറ്റവർ ഒട്ടേറെയാണ്.
എംസി റോഡ് വികസിപ്പിച്ചപ്പോൾ പഴയ പാലത്തിന് സമാന്തരമായി തോണ്ടറയിൽ പുതിയ പാലം കെഎസ്ടിപി പണിയുകയായിരുന്നു. പാലത്തിന്റെ അപ്രോച്ച് റോഡ് ഇരുത്തിയിട്ടുമുണ്ട്. പാലം ഇറങ്ങുമ്പോൾ താഴ്ന്ന റോഡും ചേർന്നുള്ള വളവും അപകടകാരിയായി മാറി. പഴയ പാലത്തിലൂടെയും ഗതാഗതം അനുവദിച്ചിരിക്കുന്നതിനാൽ ഇതുവഴി എത്തുന്ന വാഹനങ്ങൾ പ്രധാന പാതയിലേക്ക് പ്രവേശിക്കുമ്പോഴും നിയന്ത്രണമില്ല. അതിനാല്‍ അധികാരികള്‍ ഇടപ്പെട്ട് ഉടന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യമാണ് ഉയരുന്നത്.