തിരുവല്ല : തിരുവല്ലയിലെ സ്വകാര്യ മണി എക്സ്ചേഞ്ച് സ്ഥാപനത്തിൽ നിന്ന് പണം തട്ടിയെടുക്കാൻ ശ്രമിച്ച കേസിൽ അറസ്റ്റിലായ വിദേശ പൗരന്റെ പാസ്പോർട്ട് വ്യാജമാണെന്ന് പോലീസ് കണ്ടെത്തി.
ഇറാൻ പൗരനെന്നു കരുതുന്നയാൾ വെള്ളിയാഴ്ചയാണ് അറസ്റ്റിലാകുന്നത്. പാസ്പോർട്ടിൽ സൊറാബ് എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അബ്ദുൽ സലാമി ഹാദി എന്നാണ് യഥാർഥ പേരെന്ന് പോലീസ് പറഞ്ഞു. ഇയാൾക്ക് തട്ടിപ്പ് നടത്താൻ മറ്റാരുടെയെങ്കിലും സഹായമുണ്ടോ എന്ന കാര്യം അന്വേഷിച്ച് വരികയാണെന്ന് പോലീസ് പറഞ്ഞു.
ഇയാൾ സഞ്ചരിക്കുന്ന കാറും പോലീസ് കസ്റ്റഡിയിലെടുത്തു. പാസ്പോർട്ട് വ്യാജമാണെന്നു തെളിഞ്ഞതോടെ ഇയാൾ ഇറാൻ പൗരനാണോ മറ്റേതെങ്കിലും രാജ്യക്കാരനാണോ എന്ന അന്വേഷണത്തിലാണ് പോലീസ്. ഒരു വർഷം മുൻപ് പത്തനംതിട്ടയിലെ ഒരു സ്ഥാപനത്തിലും തട്ടിപ്പു നടത്തിയതായി തെളിഞ്ഞിട്ടുണ്ട്. തമിഴ്നാട്ടിലും ഇയാൾക്കെതിരെ കേസുണ്ട്. മറ്റു സംസ്ഥാനങ്ങളിലും തട്ടിപ്പ് നടത്തിയിരിക്കാമെന്ന് പോലീസ് സംശയിക്കുന്നു.
ടൂറിസ്റ്റ് വീസയിൽ കഴിഞ്ഞ ഡിസംബറിൽ ഇന്ത്യയിൽ എത്തിയതാണെന്നാണ് പോലീസിനോട് പറഞ്ഞത്. അബ്ദുൽ സലാമി ഹാദി സഞ്ചരിക്കുന്ന കാർ പോലീസ് കസ്റ്റഡിയിലെടുത്തു. ഇതിൽ നിന്നു മാപ്പ്, വസ്ത്രങ്ങൾ എന്നിവ കണ്ടെത്തി. വിരലടയാള വിദഗ്ധരും കാർ പരിശോധിച്ചു. വാഹനത്തിൽ തന്നെയാണ് ഉറങ്ങുന്നതെന്ന് ഇയാൾ പോലീസിനോട് പറഞ്ഞു. രഹസ്യാന്വേഷണ ഉദ്യോഗസ്ഥരും ചോദ്യം ചെയ്തു. വൈദ്യ പരിശോധനയ്ക്കു ശേഷം അബ്ദുൽ സലാമി ഹാദിയെ കോവിഡ് നിരീക്ഷണ കേന്ദ്രത്തിൽ പാർപ്പിച്ചിരിക്കുകയാണ്.