തിരുവല്ല: രണ്ട് സംസ്ഥാന പാതകളുടെ സംഗമസ്ഥലമായ പൊടിയാടി ജംഗ്ഷനിൽ സിഗ്നൽ ലൈറ്റ് സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുന്നു. തിരുവല്ല – മാവേലിക്കര, അമ്പലപ്പുഴ – തിരുവല്ല പാതകളുടെ സംഗമസ്ഥലമായ പൊടിയാടിയിലാണ് സിഗ്നൽ ലൈറ്റ് ഇല്ലാത്തത്. ഗതാഗത തിരക്കേറിയ ജംഗ്ഷനാണിത്.
തിരുവല്ല – മാവേലിക്കര പാതയിലൂടെ വരുന്ന വാഹനങ്ങൾ അമ്പലപ്പുഴ റോഡിലേക്ക് അലക്ഷ്യമായി കടക്കുന്നത് വലിയ അപകട ഭീഷണിയാണ് ഉയർത്തുന്നത്. അമ്പലപ്പുഴ പാതയിൽനിന്ന് തിരുവല്ല റോഡിലേക്ക് പ്രവേശിക്കുന്ന ഭാഗത്തും സമാനമായ അപകട ഭീഷണിയുണ്ട്. കഴിഞ്ഞ ആറുമാസത്തിനിടെ പത്തോളം അപകടങ്ങൾ ഇവിടെ സംഭവിച്ചതായി നാട്ടുകാർ പറയുന്നു.
മൂന്ന് റോഡുകളിലൂടെ കടന്നുവരുന്ന വാഹനങ്ങൾ ഒരുവിധ നിയന്ത്രണങ്ങളുമില്ലാതെ കടന്നു പോകുന്നത് വലിയ തരത്തിലുള്ള ഗതാഗതക്കുരുക്കിനും ഇടയാക്കുന്നുണ്ട്. സിഗ്നൽ ലൈറ്റ് സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരനടക്കം നിവേദനം നൽകിയിരിക്കുകയാണ് ഗ്രാമപഞ്ചായത്ത് അധികൃതരും പ്രദേശവാസികളും.