തിരുവനന്തപുരം : കൊലചെയ്യപ്പെട്ട എസ്.എഫ്.ഐ. നേതാവ് എ.അജയ്‌യുടെ പേരിലുള്ള സ്മാരകമന്ദിരനിർമാണവുമായി ബന്ധപ്പെട്ട ഫണ്ട് പിരിവ് വിവാദത്തിൽ ഇടപെട്ട് സി.പി.എം. ജില്ലാ നേതൃത്വം. ഫണ്ട് സമാഹരണത്തെക്കുറിച്ച് അന്വേഷിച്ച് അടിയന്തരമായി കണക്കുകൾ അവതരിപ്പിക്കാനാണ് ജില്ലാ നേതൃത്വം ആവശ്യപ്പെട്ടത്. വിശദമായി അന്വേഷണം നടത്തി വരവുചെലവു കണക്ക് അടിയന്തരമായി തയ്യാറാക്കാൻ പാർട്ടി കഴക്കൂട്ടം ഏരിയ സെക്രട്ടറി ഡി.രമേശനോടു ജില്ലാനേതൃത്വം ആവശ്യപ്പെട്ടു. രസീത് ബുക്ക് കാണാതായ മൂന്ന് ബ്രാഞ്ച് കമ്മിറ്റികൾ അഞ്ചുദിവസത്തിനുള്ളിൽ ഇക്കാര്യത്തിൽ വ്യക്തത വരുത്തണമെന്നും നിർദേശമുണ്ട്. അണിയൂർ, കീരിക്കുഴി, പേരൂർ ഉൾപ്പെടെയുള്ള ബ്രാഞ്ചുകളാണ് ഫണ്ട് പിരിവിന്റെ രസീതുപോലും മടക്കിനൽകാത്തത്.
സംഭാവന നൽകിയവരുടെ പേരുവിവരങ്ങൾ, തുക എന്നിവ എഴുതിനൽകണമെന്നും ഇക്കാര്യം ചർച്ചചെയ്യാൻ എ.സി. അംഗം പങ്കെടുക്കുന്ന ബ്രാഞ്ച് യോഗം വിളിക്കണമെന്നും ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്. വ്യാഴാഴ്ച നടന്ന അജയ് അനുസ്മരണ സമ്മേളനത്തിനു പിന്നാലെയാണ് ജില്ലാനേതൃത്വം ഇക്കാര്യം ചർച്ച ചെയ്തത്. ജില്ലാ സെക്രട്ടറി വി.ജോയി എം.എൽ.എ.യായിരുന്നു അജയ് അനുസ്മരണം ഉദ്ഘാടനം ചെയ്തത്. 1997 സെപ്‌റ്റംബർ മൂന്നിനാണ് ചെമ്പഴന്തി എസ്.എൻ.കോളേജ് വിദ്യാർഥിയായിരുന്ന അജയ് കോളേജിലേക്കു പോകവേ ഒരുസംഘം ബസിൽനിന്നു പിടിച്ചിറക്കി വെട്ടിക്കൊന്നത്.
28 വർഷത്തിനിപ്പുറം 2025 സെപ്‌റ്റംബർ മൂന്നിനാണ് ചെമ്പഴന്തിയിൽ സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ സ്മാരകമന്ദിരം ഉദ്ഘാടനം ചെയ്തത്. ഒരുവർഷം കഴിഞ്ഞിട്ടും എത്ര രൂപ പരിഞ്ഞുവെന്നോ എത്ര ചെലവാക്കിയെന്നോ കണക്കു പുറത്തുവിടുന്നില്ല എന്നായിരുന്നു പാർട്ടിക്കുള്ളിലെ ആരോപണം. ഡി.വൈ.എഫ്.ഐ.യും എസ്.എഫ്.ഐ.യുമടക്കമുള്ള സംഘടനകളും ക്വാട്ട് നിശ്ചയിച്ച് ഫണ്ട് പിരിച്ചിരുന്നു. ഇതിന്റെയൊന്നും കണക്ക് സ്മാരകനിർമാണ കമ്മിറ്റിയെയോ പാർട്ടി ഘടകങ്ങളെയോ ബോധ്യപ്പെടുത്തിയിട്ടില്ല എന്നായിരുന്നു ആക്ഷേപം.































