കൊച്ചി: അധ്യാപകരുടെയും സഹപാഠികളുേടയും ഫോട്ടോകളും വീഡിയോകളും മോർഫ് ചെയ്ത് അശ്ലീല ദൃശ്യങ്ങളാക്കി മാറ്റി സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചെന്ന സംഭവത്തിൽ തൃക്കാക്കര ഭാരതമാതാ കോളജിലെ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിയെ തൃക്കാക്കര പോലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ ശക്തമായ നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് വൈകിട്ട് കോളേജിൽ വിദ്യാർഥികൾ ഉപരോധ സമരം നടത്തുകയും ക്യാമ്പസിൽ വൻ പ്രതിഷേധം സംഘടിപ്പിക്കുകയും ചെയ്തതിനു പിന്നാലെയാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. വിദ്യാർത്ഥിയെ നിലവിൽ ചോദ്യം ചെയ്തുവരികയാണെന്നും എന്നാൽ ഔദ്യോഗിക അറസ്റ്റ് ഇതുവരെ രേഖപ്പെടുത്തിയിട്ടില്ലെന്നും പോലീസ് വ്യക്തമാക്കി. ചോദ്യം ചെയ്യൽ പൂർത്തിയാക്കി വിശദമായ മൊഴികൾ രേഖപ്പെടുത്തിയ ശേഷം പ്രതി ഉപയോഗിച്ച ഡിജിറ്റൽ ഉപകരണങ്ങളും സമൂഹമാധ്യമങ്ങളും ഫൊറൻസിക് പരിശോധനയ്ക്ക് വിധേയമാക്കിയ ശേഷമായിരിക്കും അറസ്റ്റ് രേഖപ്പെടുത്തുക.
കോളജ് പ്രിൻസിപ്പൽ ഇൻ ചാർജ് നൽകിയ പരാതിയിലാണ് പോലീസ് നടപടി. വിദ്യാർഥിയെ കോളജ് പുറത്താക്കിയിരുന്നു. സഹപാഠികളുടെയും അധ്യാപകരുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത് ചിത്രങ്ങളും വീഡിയോകളും ടെലഗ്രാം, ഇൻസ്റ്റാഗ്രാം തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയും വിവിധ ഗ്രൂപ്പുകളിലൂടെയും ഇയാൾ പ്രചരിപ്പിച്ചു എന്ന് എഫ്ഐആറിൽ പറയുന്നു. കോളജിൽ നടക്കുന്ന വിവിധ പരിപാടികളുടെ ചിത്രങ്ങള്‍ എടുത്ത് മോർഫ് ചെയ്യുകയായിരുന്നു. ഇത്തരം ചിത്രങ്ങൾ പ്രചരിക്കുന്നത് ശ്രദ്ധയിൽപ്പെട്ട വിദ്യാർഥികൾ തന്നെയാണ് അധികൃതർക്ക് പരാതി നൽകിയത്. തുടർന്ന് പോലീസിൽ അറിയിക്കുകയും അതോടൊപ്പം ചിത്രങ്ങൾ പ്രചരിപ്പിച്ച വിദ്യാർഥിയുടെ ഫോൺ അടക്കം കൈമാറുകയും ചെയ്തു. പരാതി ഉയർന്നതിനെ തുടർന്ന് കോളജിന്റെ ആഭ്യന്തര പരിഹാര സമിതി വിഷയം പരിഗണിക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു. വിഷയം ഗൗരവകരമായതിനാൽ ഉടനടി വിദ്യാർഥിയെ ഡിസ്മിസ് ചെയ്യുകയായിരുന്നുവെന്ന് കോളജ് അധികൃതർ വ്യക്തമാക്കി. 2025 ഡിസംബർ മാസം മുതൽ വിദ്യാർഥി ഇത്തരത്തിൽ ചിത്രങ്ങൾ പ്രചരിപ്പിക്കുന്നു എന്നാണ് എഫ്ഐആറിലുള്ളത്.
ബിഎൻഎസ് സെക്ഷൻ 79 (സ്ത്രീത്വത്തെ അപമാനിക്കൽ), ഐടി ആക്ടിലെ സെക്ഷൻ 67 (ഇലക്ട്രോണിക് രൂപത്തിൽ അശ്ലീല സാമഗ്രികൾ പ്രസിദ്ധീകരിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യൽ), കേരള പോലീസ് ആക്ടിലെ സെക്ഷൻ 119(1)(ബി) (വ്യക്തിഗത സ്വകാര്യത ലംഘിക്കൽ) എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ്. കോളജ് അധികൃതർ കൈമാറിയ ഫോൺ പോലീസ് സാങ്കേതിക പരിശോധനയ്ക്ക് വിധേയമാക്കിത്തുടങ്ങി. ഉപകരണത്തിൽ നടത്തിയ പ്രാഥമിക പരിശോധനയിൽ, പരാതിയുമായി എത്തിയ വിദ്യാർത്ഥികളുടെ ചിത്രങ്ങൾ ഉടനടി കണ്ടെത്താനായിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കി. തെളിവുകൾ ശേഖരിക്കുന്നതിനായി ഇരകളായവരുടെ വിശദമായ മൊഴികൾ അന്വേഷണസംഘം രേഖപ്പെടുത്തിവരികയാണ്.
































