കോട്ടയം: ജയിച്ചാല്‍ പോര, ഭരണം കിട്ടുകയും വേണം. എല്ലായിടത്തും അങ്ങനെ തന്നെയാണോ എന്നറിയില്ല. എന്നാല്‍, കോട്ടയം മണ്ഡലത്തിന്റെ അവസ്ഥ അതാണ്. ജയിച്ചുവന്നിട്ടും ഭരണം കിട്ടിയില്ലെങ്കില്‍ മണ്ഡലത്തിനായി ഒന്നുംചെയ്യാന്‍ കഴിയില്ല. പറയുന്നത് വേറെ ആരുമല്ല എം.എല്‍.എ തന്നെയാണ്.
വികസനമാണ് കോട്ടയം തെരഞ്ഞെടുപ്പിലെ പ്രധാന വിഷയം. മറുപക്ഷം അപ്പോള്‍ വികസന മുരടിപ്പും ചര്‍ച്ചയാക്കുമല്ലോ. പത്തുവര്‍ഷം കൊണ്ട് താന്‍ ചെയ്ത വികസനപ്രവര്‍ത്തനങ്ങളാണ് സിറ്റിങ് എം.എല്‍.എ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് മുന്നോട്ടുവെക്കുന്നത്. റോഡുകളും സ്കൂള്‍ കെട്ടിടങ്ങളും മറ്റ് അടിസ്ഥാനസൗകര്യങ്ങളും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. തന്റെ കാലത്ത് ചെയ്തതല്ലാതെ ഒരു വികസനവും കോട്ടയത്ത് നടന്നിട്ടില്ലെന്നും അദ്ദേഹം പറയുന്നു. എന്നാല്‍, ഒരൊറ്റ ആകാശപ്പാത ചൂണ്ടിക്കാട്ടി ആ അവകാശവാദത്തിന്റെ മുനയൊടിക്കുന്നു ഇടതുപക്ഷം.
മറ്റ് നഗരങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ കോട്ടയം ഇപ്പോഴും വര്‍ഷങ്ങള്‍ക്ക് പിന്നിലാണ്. കുടുസുറോഡുകളും ഗതാഗതക്കുരുക്കുമാണ് നഗരത്തിന്റെ ശാപം. ഫ്ലൈ ഓവറുകളില്ല. രണ്ട് ബൈപാസുകളുണ്ടെങ്കിലും ഫലമില്ല. ഈരയില്‍കടവ് ബൈപാസില്‍ വഴിവിളക്കുകള്‍ സ്ഥാപിക്കുന്നതിനെച്ചൊല്ലിയുണ്ടായ തര്‍ക്കം ജനം കണ്ടതാണ്.
നഗരത്തില്‍ വിനോദകേന്ദ്രങ്ങളോ വിശ്രമകേന്ദ്രങ്ങളോ ഇല്ല. ഏറ്റവും തിരക്കേറിയ ശീമാട്ടി റൗണ്ടാനയില്‍, മുനിസിപ്പല്‍ ഓഫിസിന് മുന്നില്‍ കാല്‍നടയാത്രക്കാര്‍ക്ക് ഉപകാരപ്പെടുന്ന രീതിയിലാണ് ആകാശപ്പാത വിഭാവനം ചെയ്തത്. എന്നാല്‍, ഒന്നും നടന്നില്ല. അസ്ഥികൂടം പോലെ എം.എല്‍.എക്ക് തന്നെ നാണക്കേടായി നില്ക്കുന്നു ആ ഇരുമ്പുകൂട്.
സമൂഹ മാധ്യമങ്ങളിലടക്കം ട്രോളുകള്‍ക്ക് ഇരയായി ആകാശപ്പാത. ആകാശപ്പാതയുടെ തൂണുകളില്‍ ഊഞ്ഞാല് കെട്ടിയാടിയും ആഘോഷിച്ചു ഒരു വിഭാഗം. കോടിമത പാലം, കച്ചേരിക്കടവ് ബോട്ടുജെട്ടി, കെ.എസ്.ആര്.ടി.സി ബസ് സ്റ്റാന്‍ഡ് തുടങ്ങി എങ്ങുമെത്താത്ത പദ്ധതികള്‍ വേറെ. തന്നെ ഒന്നും ചെയ്യാന്‍ അനുവദിക്കുന്നില്ലെന്നും പണം നല്‍കുന്നില്ലെന്നും വികസനപ്രവൃത്തികള്‍ക്ക് തടസ്സം നില്‍ക്കുന്നുവെന്നുമാണ് എം.എല്‍.എ പറയുന്നത്.
യു.ഡി.എഫ് ഭരണകാലത്ത് ഏറ്റുമാനൂരിന്റെ അവസ്ഥ ഇതുതന്നെ ആയിരുന്നു എന്ന് സി.പി.എം തിരിച്ചടിക്കുന്നു. ഏറ്റുമാനൂരില്‍ സുരേഷ് കുറുപ്പ് എം.എല്‍.എ ആയിരിക്കെ ഫണ്ടനുവദിക്കാതെ വികസന പ്രവൃത്തികള്‍ തടഞ്ഞെന്നാണ് ആരോപണം. എന്തായാലും ഇരുകൂട്ടരുടെയും രാഷ്ട്രീയക്കളിയില്‍ നഷ്ടം നാടിനാണ്. ജനങ്ങള്‍ക്കുവേണ്ടി എന്തെങ്കിലും വരണമെന്നല്ല, മറ്റവന്റെ ക്രെഡിറ്റില്‍ അങ്ങനെയിപ്പോ നാട്ടുകാര്‍ക്ക് ഒന്നും കിട്ടണ്ട എന്നതാണ് നേതാക്കളുടെ മനോഭാവം. ജനത്തിന് പ്രതികരിക്കാന്‍ കിട്ടുന്ന ഏക അവസരമാണ് സമ്മതിദാനാവകാശം. അതെങ്ങനെ വരുമെന്ന് തെരഞ്ഞെടുപ്പ് കഴിയുമ്പോളറിയാം.
































