റാന്നിയില്‍ കെട്ടിയിറക്കിയ സ്ഥാനാര്‍ഥി പ്രിയങ്കരനാകുന്നു ; റിങ്കു ചെറിയാനെതിരെ പാളയത്തില്‍ പട – കാലുവാരല്‍ ഇക്കുറിയും ആവര്‍ത്തിക്കും

For full experience, Download our mobile application:
Get it on Google Play

റാന്നി : ഇടത് – വലത് മുന്നണികള്‍ തമ്മില്‍ പോരാടുന്ന റാന്നി ഏവരും ഉറ്റുനോക്കുകയാണ്. വര്‍ഷങ്ങളായി റാന്നി ചുവപ്പിച്ചു നിര്‍ത്തിയത് രാജു എബ്രഹാമാണ്. പാര്‍ട്ടി തീരുമാനപ്രകാരം ഇദ്ദേഹം ഇക്കുറി മത്സര രംഗത്തില്ല. പകരം കേരളാ കോണ്‍ഗ്രസിലെ (ജോസ് കെ.മാണി) അഡ്വ. പി.എന്‍ പ്രമോദ് നാരായണനാണ് അങ്കം കുറിക്കുന്നത്. റാന്നി മണ്ഡലം തിരികെ പിടിച്ച് മൂവര്‍ണ്ണക്കൊടി പാറിക്കാന്‍ നിയോഗിക്കപ്പെട്ടിട്ടുള്ളത്‌  റാന്നിയുടെ പ്രിയങ്കരനായ എം.എല്‍.എ പരേതനായ എം.സി. ചെറിയാന്റെ മകന്‍ റിങ്കു ചെറിയാനെയാണ്. എന്‍.ഡി.എക്കുവേണ്ടി ബി.ഡി.ജെ.എസ് സ്ഥാനാര്‍ഥിയായി കെ. പത്മകുമാറും രംഗത്തുണ്ട്.

ശബരിമല ഉള്‍പ്പെടുന്ന റാന്നി ഈ തെരഞ്ഞെടുപ്പില്‍ ഏറെ ശ്രദ്ധിക്കപ്പെടും എന്നുതന്നെയാണ് കരുതുന്നത്. കാരണം ശബരിമല വിഷയം കേരള തെരഞ്ഞെടുപ്പില്‍ സജീവ ചര്‍ച്ചയായിക്കഴിഞ്ഞു. റാന്നിയില്‍ ജനകീയനായ രാജു എബ്രഹാം ഇക്കുറി മത്സര രംഗത്ത് ഉണ്ടാകില്ലെന്ന് അറിഞ്ഞതോടെ റാന്നിയിലെ കോണ്‍ഗ്രസ് നേതാക്കന്മാര്‍ സീറ്റിനു വേണ്ടി മത്സരിച്ചു. എന്നാല്‍ നറുക്ക് വീണത്‌ റിങ്കു ചെറിയാനാണ്. ഇത് സംഗീകരിക്കുവാന്‍ വിമുഖത കാട്ടുന്ന ഒരു വിഭാഗം ഇപ്പോഴും കോണ്‍ഗ്രസ് പാര്‍ട്ടിയിലുണ്ട്.

സാധ്യതാ ലിസ്റ്റില്‍ ഉണ്ടായിരുന്ന പഴവങ്ങാടി പഞ്ചായത്ത് പ്രസിഡന്റ് അനിതാ അനില്‍കുമാര്‍ ഇപ്പോഴും ഇടഞ്ഞുതന്നെയാണ്. ഉന്നത നേതാക്കള്‍ ഇടപെട്ടിട്ടും വഴങ്ങിയിട്ടില്ല. പത്തനംതിട്ട ഡി.സി.സിയിലെ ചില ഭാരവാഹികള്‍ ഉള്‍പ്പെടെ കഴിഞ്ഞദിവസം രഹസ്യയോഗം കൂടി. കോണ്‍ഗ്രസിലെ വിമത പ്രവര്‍ത്തനത്തിന് എന്നും ചുക്കാന്‍ പിടിക്കുന്ന ജയവര്‍മ്മയായിരുന്നു ഇതിന്റെയും തലപ്പത്ത്. റിങ്കു ചെറിയാന് സീറ്റ് നല്‍കിയതില്‍ അസംതൃപ്തരായ പ്രവര്‍ത്തകരും ഈ രഹസ്യയോഗത്തില്‍ പങ്കെടുത്തു. ഇവരുടെ പ്രധാന ആവശ്യം യു.ഡി.എഫിന്റെ തെരഞ്ഞെടുപ്പ്‌ കമ്മിറ്റി കണ്‍വീനര്‍ പ്രകാശ് തോമസിനെ മാറ്റണം എന്നുള്ളതാണ്. സീനിയറായ തങ്ങള്‍ നെഞ്ചുവിരിച്ച് നില്‍ക്കുമ്പോള്‍ ജൂനിയറായ പ്രകാശ് തോമസ്‌ കണ്‍വീനര്‍ ആയിരിക്കുന്നത് കണ്ടുനില്‍ക്കാന്‍ പലര്‍ക്കും കഴിയുന്നില്ല. തന്നെയുമല്ല ഇദ്ദേഹം സ്ഥാനാര്‍ഥി റിങ്കു ചെറിയാന്റെ വലം കയ്യുമാണ്. തെരഞ്ഞെടുപ്പില്‍ റിങ്കു ചെറിയാനെ കാലുവാരി മലര്‍ത്തിയടിക്കണമെങ്കില്‍ തങ്ങളില്‍ ആരെങ്കിലും കണ്‍വീനര്‍ ആകണം എന്നാണ് വിമത പക്ഷത്തിന്റെ ചിന്ത. കാലുവാരലിനും കുതികാല്‍ വെട്ടിനും കഴിവുതെളിയിച്ച പലരും മൂവര്‍ണ്ണ കൊടി കയ്യിലേന്തി റിങ്കുവിനെ ലക്ഷ്യമിടുന്നുണ്ട്.

തുടക്കത്തില്‍ റാന്നി മണ്ഡലം യു.ഡി.എഫിന് ഉറപ്പിക്കാമായിരുന്നു എങ്കിലും ഇപ്പോള്‍ സ്ഥിതി വ്യത്യസ്തമാണ്. രാജു എബ്രഹാം ചിത്രത്തില്‍ ഇല്ലാതായതോടെ ഇടതു പക്ഷത്തിന് റാന്നി കൈവിട്ടുപോയി എന്ന ചിന്തയായിരുന്നു. കെട്ടിയിറക്കിയ സ്ഥാനാര്‍ഥിയെ തങ്ങള്‍ക്ക് വേണ്ടെന്നും മണ്ഡലം സി.പി.എം തിരികെ എടുക്കണമെന്നും സി.പി.എം പ്രവര്‍ത്തകര്‍ ശക്തമായി ആവശ്യപ്പെട്ടു. സ്ഥാനാര്‍ഥിയുടെ മുഖത്തുനോക്കി പലരും തങ്ങളുടെ അതൃപ്തി അറിയിച്ചു. എന്നാല്‍ എല്ലാം ശാന്തനായി കേട്ട് തന്ത്രപരമായി കാര്യങ്ങള്‍ നീക്കിയ പ്രമോദ് നാരായണന്‍ ഇന്ന് പാര്‍ട്ടി പ്രവര്‍ത്തകരുടെ ഇടയില്‍ പ്രിയങ്കരനായിക്കൊണ്ടിരിക്കുകയാണ്. പ്രസംഗത്തിലൂടെ ആളുകളെ പിടിച്ചിരുത്തുവാന്‍ ഒരു പ്രത്യേക കഴിവുതന്നെ പ്രമോദിനുണ്ട്. തുടക്കത്തില്‍ ഏറെ പിന്നിലായിരുന്ന പ്രമോദ് നാരായണന്‍ അതിവേഗം മുന്നോട്ടു കുതിച്ചപ്പോള്‍ റാന്നിയില്‍ അങ്കച്ചൂട് കൂടി. നിലവില്‍ ഒപ്പത്തിനൊപ്പം പോരാടുകയാണ് എല്‍.ഡി.എഫും കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യു.ഡി.എഫും.

എന്‍.ഡി.എ സ്ഥാനാര്‍ഥി കെ.പത്മകുമാര്‍ മത്സര രംഗത്ത് ഉണ്ടെങ്കിലും കളത്തില്‍ നിറഞ്ഞിട്ടില്ല. ബി.ജെ.പിയുടെ പരമ്പരാഗത വോട്ടുകള്‍ പെട്ടിയില്‍ വീഴിക്കുക എന്നതല്ലാതെ തികഞ്ഞ വിജയ പ്രതീക്ഷയൊന്നും പ്രകടമായി റാന്നിയില്‍ കാണുവാനില്ല. കഴിഞ്ഞ ത്രിതല തെരഞ്ഞെടുപ്പില്‍ റിബല്‍ സ്ഥാനാര്‍ഥിയായി മത്സരിച്ചതിന് കോണ്‍ഗ്രസ് പുറത്താക്കിയ ബെന്നി പുത്തന്‍പറമ്പില്‍ ഇവിടെ വണ്‍ ഇന്ത്യ -വണ്‍ പെന്‍ഷന്‍ സ്ഥാനാര്‍ഥിയായി മത്സരിക്കുന്നുണ്ട്. ഇദ്ദേഹം പിടിച്ചുമാറ്റുന്ന വോട്ടുകള്‍ റിങ്കു ചെറിയാന്റെ ജയസാധ്യത കുറയ്ക്കും. ബെന്നി പുത്തന്‍പറമ്പിലിന് എല്‍.ഡി.എഫിന്റെ രഹസ്യ പിന്തുണയും ഉണ്ടെന്ന് പറയുന്നു.

എന്തായാലും റാന്നിയിലെ പോരിന് ചൂട് കൂടും, ഇടതുമുന്നണിക്കും ഐക്യ ജനാധിപത്യ മുന്നണിക്കും അത്ര ഈസിയായി പമ്പയില്‍ മുങ്ങിക്കുളിച്ചു വരാന്‍ കഴിയില്ല. റാന്നിയിലെ ചില പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ പ്രമോദ് നാരായണന് കൈ കൊടുത്തുകഴിഞ്ഞു. പകല്‍ റിങ്കു ചെറിയാന്റെ പ്രചാരണത്തില്‍ സജീവവുമാണ് ഇവര്‍. അടിയൊഴുക്കുകളും കാലുവാരലും ഇക്കുറിയും റാന്നിയില്‍ ഉണ്ടാകും എന്നത് ഉറപ്പായിക്കഴിഞ്ഞു. അതിനെ അതിജീവിക്കുവാന്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി റിങ്കു ചെറിയാന് കഴിയുമോ എന്നതാണ് ഇനി കാണേണ്ടത്.

പത്തനംതിട്ട മീഡിയയുടെ പോളില്‍ റാന്നിയിലെ നിലവാരം അറിയാം. താഴെക്കാണുന്ന ലിങ്കില്‍ കയറി നിങ്ങള്‍ക്കും അഭിപ്രായം വോട്ടായി രേഖപ്പെടുത്താം 

https://pathanamthittamedia.com/poll/ranni-poll/

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കോഴിക്കോട് എം ബി ബി എസ് വിദ്യാർത്ഥിനിയെ കാണാനില്ലെന്ന് പരാതി

0
കോഴിക്കോട്: എം ബി ബി എസ് വിദ്യാർത്ഥിനിയെ കാണാനില്ലെന്ന് പരാതി. പാലക്കാട്...

ഭിന്നശേഷിക്കാരിയായ വിദ്യാർത്ഥിയെ പീഡിപ്പിച്ചു, അറസ്റ്റ്

0
കോഴിക്കോട് : ഭിന്നശേഷിക്കാരിയായ പത്തൊൻപതുകാരിയെ ലൈംഗികമായി പീഡിപ്പിച്ച വയാധികൻ അറസ്റ്റിൽ. കോഴിക്കോട്...

അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം പുറത്ത്

0
തിരുവനന്തപുരം: കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത...

വീടിനുള്ളിൽ ​ഗ്യാസ് സിലിണ്ടർ തുറന്നുവിട്ട് യുവാവിന്റെ പരാക്രമം

0
കോട്ടയം : കോട്ടയത്ത് വീടിനുള്ളിൽ ​ഗ്യാസ് സിലിണ്ടർ തുറന്നുവിട്ട് യുവാവിന്റെ പരാക്രമം....