തിരുവനന്തപുരം : കൊവിഡാനന്തര സമ്പദ് വ്യവസ്ഥയെ കരകയറ്റുന്നതിനും തൊഴിലില്ലായ്മ പരിഹരിക്കുന്നതിനുമാണ് ഇത്തവണത്തെ ബജറ്റില്‍ മുഖ്യ പ്രാധാന്യമെന്ന് ധനമന്ത്രി ഡോ.ടി.എം. തോമസ് ഐസക്ക്. ക്ഷേമ പദ്ധതികള്‍ക്കൊപ്പം സര്‍ക്കാരിന്‍റെ അവസാന ബജറ്റില്‍ എല്ലാ വിഭാഗമാളുകള്‍ക്കും സന്തോഷിക്കാനുള്ള വകയുണ്ടാകുമെന്നും തോമസ് ഐസക് പറഞ്ഞു.
നിലവിലെ സര്‍ക്കാരിന്റെ അവസാന ബജറ്റാണ് ഇത്തവണത്തേത്. ധനമന്ത്രി എന്ന നിലയില്‍ തോമസ് ഐസക്ക് ഒരുക്കുന്ന പന്ത്രണ്ടാമത് ബജറ്റും. ബജറ്റ് എഴുതാന്‍ ധനമന്ത്രി പതിവുപോലെ വിഴിഞ്ഞം ഇന്‍സ്‌പെക്ഷന്‍ ബംഗ്ലാവിലാണ് ഇപ്പോള്‍.
ക്ഷേമ പദ്ധതികളില്‍ കുറവ് വരുത്തില്ല. സര്‍ക്കാര്‍ ചെയ്ത കാര്യങ്ങള്‍ ഇനിയും പറയേണ്ടതില്ല.
പാസാക്കുന്നത് സമ്പൂര്‍ണ ബജറ്റ് തന്നെയാകും. സര്‍ക്കാര്‍ എടുക്കുന്ന വായ്പകളില്‍ പ്രതിപക്ഷം ആശങ്കപ്പെടേണ്ടതില്ലെന്നും തുടര്‍ ഭരണം ലക്ഷ്യമിട്ട് തന്നെയാണ് ബജറ്റെന്നും ധനമന്ത്രി പറഞ്ഞു. ജനുവരി 15 നാണ് നിയമസഭയില്‍ ഈ സര്‍ക്കാരിന്റെ അവസാനത്തെ ബജറ്റ്.