തിരുവനന്തപുരം : സംസ്ഥാനത്ത് പലിശ രഹിത ബാങ്കിംഗ് തുടങ്ങാൻ കഴിയാത്തതിന്‍റെ കാര്യം ഗൗരവത്തിൽ പരിശോധിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്. കേന്ദ്രത്തിൽ ബി.ജെ.പി സർക്കാർ അധികാരത്തിൽ വന്നതായിരുന്നു പ്രധാന തടസം. എന്നാൽ സംസ്ഥാനത്ത് അതു സംബന്ധിച്ച് ഉദ്യോഗസ്ഥ തലത്തിലടക്കം വന്ന വീഴ്ചകളാണ് പരിശോധിക്കുക. കേരളത്തിന്‍റെ ധന സമാഹരണത്തിന് പ്രധാനപ്പെട്ട മാർഗമാണ് പലിശ രഹിത ബാങ്കിംഗെന്ന് ധനമന്ത്രി പറഞ്ഞു.
റിസർവ് ബാങ്ക് ഗവർണറായിരുന്ന രഘുറാം രാജന്‍റെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിനായിരുന്നു കേരളം പലിശ രഹിത ബാങ്കിംഗ് എന്ന ആശയത്തിന് തുടക്കമിട്ടത്. എന്നാൽ അത് മുന്നോട്ടു കൊണ്ടുപോകാനായില്ല. പല തരത്തിലെ തടസങ്ങളായിരുന്നു നേരിടേണ്ടി വന്നതെന്നും തോമസ് ഐസക് പറഞ്ഞു.
സംസ്ഥാനത്തിന് ഏറെ പ്രയോജനം ചെയ്യുമായിരുന്ന പദ്ധതി മുന്നോട്ട് കൊണ്ടുപോകാത്തതിന്‍റെ വീഴ്ചകൾ പരിശോധിക്കും. കാരണം ഇത്തരം ആശയങ്ങളെ കുറിച്ച ചിന്തകളാണിപ്പോൾ വേണ്ടത്. സംസ്ഥാനത്ത് വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന പലിശ രഹിത സംരംഭങ്ങളെ ഏകോപിപ്പിക്കുന്നതടക്കമുള്ള കാര്യങ്ങൾ സർക്കാർ ആലോചിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു.