തിരുവനന്തപുരം : സംസ്ഥാനത്തെ ലോക്ക്ഡൗണിൽ ഇളവുകൾ ഉണ്ടാകുമെന്ന് ധനമന്ത്രി തോമസ് ഐസക്. കർശന ഉപാധികളോടെയാണ് ഇളവുകൾ അനുവദിക്കുകയെന്നും മന്ത്രി. ജീവനാണ് മുൻഗണനയെന്ന് തോമസ് ഐസക് പറഞ്ഞു. തിരുവനന്തപുരത്തെ കമ്മ്യൂണിറ്റി കിച്ചൻ സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൊവിഡ് രോഗം പൂർണമായി ഇല്ലാതാക്കുന്നത് വരെ നിയന്ത്രണങ്ങൾ തുടരുക തന്നെ ചെയ്യുമെന്ന് പറഞ്ഞ തോമസ് ഐസക് ധനസഹായം നൽകുന്ന കാര്യത്തിൽ കേന്ദ്രസർക്കാരിനെ കുറ്റപ്പെടുത്തി. വാചകമടി കൊണ്ടു കാര്യമില്ലെന്നും തരാനുള്ള പണം പോലും കേന്ദ്രസർക്കാർ തരുന്നില്ലെന്നും തോമസ് ഐസക് വിമർശിച്ചു. വലിയ പലിശയ്ക്ക് വായ്പ വാങ്ങിയാണ് സംസ്ഥാനം മുന്നോട്ട് പോകുന്നതെന്നും ധനമന്ത്രി പറഞ്ഞു.
4.4 ശതമാനം ആയി റിപ്പോ റേറ്റ് കുറച്ചിട്ടും ഒമ്പത് ശതമാനം പലിശയാണ് കേരളം നൽകേണ്ടി വരുന്നത്. ഈ പ്രതിസന്ധി ഘട്ടത്തിൽ റിസർവ് ബാങ്കിൽ നിന്ന് നേരിട്ട് വായ്പ എടുത്ത് കേന്ദ്ര സർക്കാർ സംസ്ഥാനങ്ങൾക്ക് നൽകുകയാണ് വേണ്ടതെന്നും ധനമന്ത്രി പറഞ്ഞു. സർക്കാരിന് ഈ മാസം മാത്രം15000 കോടി രൂപയുടെ വരുമാന നഷ്ടമാണ് ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു.