ഈറോഡ്: തമിഴ്‌നാട് മുൻ മന്ത്രിയും ഡിഎംകെ ഈറോഡ് സെൻട്രൽ ജില്ലാ മുൻ സെക്രട്ടറിയുമായ തോപ്പു എൻ ഡി വെങ്കടാചലം പാർട്ടിയിൽനിന്ന് രാജിവെച്ചു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ നേരിട്ട കയ്പേറിയ അനുഭവങ്ങൾ കാരണം പാർട്ടിയിൽ തുടരാൻ കഴിയില്ലെന്നും അതിനാലാണ് രാജിയെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. താൻ രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നു എന്ന വാർത്തകൾ ശരിയല്ലെന്നും പാർട്ടിയുടെ പ്രാഥമിക അംഗത്വം ഉൾപ്പെടെ എല്ലാ സ്ഥാനങ്ങളും രാജിവെക്കുകയാണെന്നും വെങ്കടാചലം വ്യക്തമാക്കി. ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ പെരുന്തുറൈ മണ്ഡലത്തിൽ ഡിഎംകെ സ്ഥാനാർത്ഥിയായി മത്സരിച്ച വെങ്കടാചലം നേരിയ ഭൂരിപക്ഷത്തിനാണ് പരാജയപ്പെട്ടത്.
“കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഈ മണ്ഡലത്തിലുണ്ടായ ചില കയ്പേറിയ അനുഭവങ്ങൾ കാരണം എനിക്ക് ഡിഎംകെയിൽ തുടരാൻ കഴിയാത്ത സാഹചര്യമാണ്. അതിനാൽ, പാർട്ടിയുടെ പ്രാഥമിക അംഗത്വം ഉൾപ്പെടെ എല്ലാ സ്ഥാനങ്ങളിൽ നിന്നും ഞാൻ രാജിവെക്കുന്നു. എല്ലാ പാർട്ടികളിലും ഗ്രൂപ്പ് വഴക്കുകളുണ്ട്, അതിൽ രണ്ടഭിപ്രായമില്ല. എന്നാൽ അതിനൊരു പരിധിയുണ്ട്. ചില പാർട്ടികളിൽ ഇത് പരിധി വിടുന്നുണ്ടെന്നതും നിഷേധിക്കാനാവില്ല”- വെങ്കടാചലം പറഞ്ഞു. വരാനിരിക്കുന്ന പെരുന്തുറൈ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കുമോ എന്ന ചോദ്യത്തിന്, താൻ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നും തൻ്റെ സേവനം ആവശ്യമാണെന്ന് ജനങ്ങൾക്ക് തോന്നുന്നുവെങ്കിൽ മത്സരിക്കുന്നത് പരിഗണിക്കുമെന്നും വെങ്കടാചലം മറുപടി നൽകി. തൽക്കാലം മറ്റൊരു പാർട്ടിയിലേക്ക് ചേക്കേറുന്നില്ലെന്നും എന്നാൽ പിന്നീട് ഒരു തീരുമാനമെടുക്കാനുള്ള സാധ്യതയുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു.































