കൊച്ചി : സി.ബി.എസ്.ഇ അംഗീകാരമില്ലാത്തത് മറച്ചുവെച്ച് വിദ്യാര്‍ഥികളെ കബളിപ്പിച്ച കേസില്‍ തോപ്പുംപടി അരൂജ ലിറ്റില്‍ സ്റ്റാഴ്സ് സ്‌കൂള്‍ മാനേജരെ പോലീസ് കസ്റ്റഡിയിലെടുത്തു. അംഗീകാരമില്ലാത്തതിനാല്‍ 29 വിദ്യാര്‍ഥികള്‍ക്ക് ഇത്തവണ പത്താംക്ലാസ് പരീക്ഷ എഴുതാന്‍ സാധിക്കാതെ വന്നതോടെയാണ് സ്‌കൂള്‍ മാനേജര്‍ക്കെതിരേ വഞ്ചനാക്കുറ്റം ചുമത്തി പോലീസ് കേസ് എടുത്തിരിക്കുന്നത്.
എട്ടാംക്ലാസ് വരെ മാത്രമാണ് സ്‌കൂളിന് അംഗീകാരമുള്ളത്. വിദ്യാര്‍ഥികള്‍ക്ക് പരീക്ഷ എഴുതാന്‍ സാധിക്കില്ലെന്ന വിവരം സെപ്തംബറില്‍ തന്നെ സ്‌കൂള്‍ മാനേജ്മെന്റിന് അറിയാമായിരുന്നു. എന്നാല്‍ ഇക്കാര്യങ്ങളെല്ലാം മറച്ചു വെക്കുകയായിരുന്നുവെന്നാണ് രക്ഷിതാക്കളുടെ ആരോപണം.
പരീക്ഷ തീയതി അടുത്തിട്ടും ഹാള്‍ടിക്കറ്റ് വിതരണം ചെയ്യാത്തതുമായി ബന്ധപ്പെട്ടുള്ള അന്വേഷണങ്ങളിലാണ് സ്‌കൂളിന് അംഗീകാരം ഇല്ലാത്ത കാര്യം രക്ഷിതാക്കള്‍ അറിയുന്നത്. തുടര്‍ന്ന് തിങ്കളാഴ്ച രാവിലെ വിദ്യാര്‍ഥികളും രക്ഷിതാക്കളും സ്‌കൂളിന് മുന്നില്‍ പ്രതിഷേധിക്കുകയായിരുന്നു. വിദ്യാര്‍ഥികള്‍ക്ക് പരീക്ഷ എഴുതാന്‍ സംവിധാനമുണ്ടാക്കണമെന്നാണ് രക്ഷകര്‍ത്താക്കളുടെ ആവശ്യം.