തിരുവനന്തപുരം : സമീപകാലത്ത് വിവാഹം കഴിഞ്ഞ് റജിസ്ട്രേഷൻ നടപടികൾ പൂർത്തീകരിക്കാതെ വിദേശത്തു പോയവർക്കും വിവാഹം ഓൺലൈനായി റജിസ്റ്റർ ചെയ്യാമെന്നു മന്ത്രി എം.വി ഗോവിന്ദൻ അറിയിച്ചു. കോവിഡ് സാഹചര്യം മുൻനിർത്തി, വിവാഹം ഓൺലൈനായി റജിസ്റ്റർ ചെയ്യുന്നതിന് അനുമതി നൽകിക്കൊണ്ടുള്ള മുൻ ഉത്തരവിലെ വിവാഹിതരായി വർഷങ്ങളായി ഒരുമിച്ച് താമസിക്കുകയും എന്ന നിബന്ധന ഒഴിവാക്കും. ദമ്പതികളിൽ വിദേശത്തുള്ള ആൾ നാട്ടിലെത്തുന്ന മുറയ്ക്ക് തദ്ദേശ റജിസ്ട്രാർ മുൻപാകെ നേരിട്ടു ഹാജരായി ഒപ്പ് രേഖപ്പെടുത്തണം.
സർട്ടിഫിക്കറ്റ് ഓൺലൈനായി അനുവദിക്കുന്ന സമയത്ത് ഇക്കാര്യം തദ്ദേശ റജിസ്ട്രാർ കക്ഷികളെ അറിയിക്കണം. ദമ്പതികളിൽ ഒരാൾക്കു നേരിട്ട് ഹാജരാകാൻ കഴിയുമെങ്കിൽ നിർബന്ധമായും ഹാജരായി റജിസ്റ്ററിൽ ഒപ്പുവെയ്ക്കണം. വ്യാജ നടപടികളും ആൾമാറാട്ടവും ഒഴിവാക്കാൻ സാക്ഷികളുടെ സാന്നിധ്യം ഉപയോഗിക്കാം. റജിസ്ട്രാർക്ക് ദമ്പതികളുടെ സത്യവാങ്മൂലം വാങ്ങി സൂക്ഷിക്കാം.