കവിയൂർ : തോട്ടഭാഗം-ചങ്ങനാശ്ശേരി പാത പുനരുദ്ധാരണം ഏഴുവർഷം പിന്നിടുമ്പോഴും അനിശ്ചിതമായി നീളുന്നു. ആദ്യഘട്ട ടാറിങ് ഇളകിത്തുടങ്ങിയിട്ടും അവസാനഘട്ട ടാറിങ് കാര്യം എങ്ങുമെത്തുന്നില്ല. ഓടകളുടെ നിർമാണം പാതിവഴിയിൽ നിലച്ചിട്ട് കാലങ്ങളായി. മിക്കയിടത്തും മേൽമൂടിയില്ലാതെ അപകടക്കെണി തീർക്കുന്ന വിധത്തിലാണ് ഇവയുടെ കിടപ്പ്. സ്ലാബുകളിടാതെ കിടക്കുന്നയിടങ്ങൾ കാൽനട യാത്രക്കാരെയും വീഴ്‌ത്തുന്നു. ചില വ്യാപാരസ്ഥാപനങ്ങളുടെ മുൻപിലെ ഓടയുടെ മുകളിൽ പൂർണമായിവ ഇട്ടിട്ടുമില്ല. ആളുകൾ കടയിലേക്ക് എത്തുമ്പോൾ ഇത് ശ്രദ്ധിക്കാതെ വരുന്നതിനാൽ അപകടങ്ങൾ സംഭവിക്കുന്നു. കാലവർഷത്തിൽ വെള്ളമൊഴുകി വർഷംതോറും ടാറിങ് തകരുന്നതിനാലാണ് വീതികൂട്ടി വഴിയുടെ പുനരുദ്ധാരണത്തിന് തുടക്കമിട്ടത്.
കോടികൾ മുടക്കിയിട്ടും ആദ്യഘട്ട ടാറിങ് മാത്രമേ നടത്തിയിട്ടുള്ളൂ. 12 മീറ്റർ വേണ്ടിടത്ത് പത്തുമീറ്ററിൽതാഴെ വീതിയേ ചിലയിടത്തുള്ളൂ. ടാറിങ് ഏഴുമീറ്റർ വീതിയിലാണ്. ബാക്കി വീതി നടപ്പാത, ഓട, ബസ്‌ബേ, പാർക്കിങ് എന്നിങ്ങനെയാണ് പറഞ്ഞിരുന്നത്. ഇതൊന്നും ഫലത്തിൽ നടപ്പായിട്ടില്ല. മിക്കയിടത്തും നിർമാണം പാതിവഴിയിൽ നിലച്ചു. ഞാലിക്കണ്ടംമുതൽ പഴയവില്ലേജ് ഓഫീസുപടിവരെ വഴിയിലൂടെ കുത്തിയൊലിച്ചാണ് നീരൊഴുക്ക്. കവിയൂർ എൻ.എസ്.എസ്.സ്‌കൂൾ ഭാഗത്ത് ഓടകൾ തീർത്തിട്ടുണ്ടെങ്കിലും പണിയിലെ അപാകം കാരണം ഇവയിലൂടെ ഒഴുകില്ല. അതിനാൽ വെള്ളമൊഴുകുന്നത് ഇപ്പോഴും റോഡിലൂടെയാണ്.