കോട്ടയം: സർവീസിനായി നൽകിയ വാഹനം നന്നാക്കി നൽകാത്തതിൽ പ്രതിഷേധിച്ച് ഓല ഷോറൂമിൽ നിന്ന് പുതിയ സ്കൂട്ടറുമായി ഉപഭോക്താവ് മടങ്ങി. തോട്ടക്കാട് പള്ളി വികാരിയായ ജോൺസ് എബ്രഹാമാണ് വ്യത്യസ്തമായ രീതിയിൽ പ്രതിഷേധിച്ചത്. കോട്ടയം മണിപ്പുഴയിലുള്ള ഓല ഷോറൂമിൽ നിന്നാണ് അച്ചൻ പുതിയ വാഹനം എടുത്തുകൊണ്ടുപോയത്. ലക്ഷക്കണക്കിന് രൂപ മുടക്കി വാങ്ങിയ വാഹനം സർവീസിന് നൽകിയ ശേഷം ഫാ. ജോൺസിന് തിരികെ ലഭിച്ചിരുന്നില്ല. മാത്രമല്ല കൃത്യമായ സ്പെയർ പാർട്സുകളും നൽകിയില്ല. ഇതിൽ പ്രകോപിതനായാണ് വികാരിയുടെ നടപടി.
ഷോറൂമിലെത്തിയ വികാരി ജീവനക്കാരുമായി വാക്കു തർക്കത്തിലേർപ്പെടുകയും സർവീസിനായി നൽകിയ സ്വന്തം വാഹനം മടക്കി നൽകുമ്പോൾ പുതിയ സ്കൂട്ടർ തിരിച്ചേൽപ്പിക്കാമെന്നും വ്യക്തമാക്കുകയായിരുന്നു. തനിക്ക് നേരിട്ട നഷ്ടത്തിൽ പ്രതിഷേധ സൂചകമായി മാത്രമാണ് വാഹനം ഈടായി എടുത്തുകൊണ്ടുപോകുന്നതെന്നും അദ്ദേഹം പറഞ്ഞു. ഓല ഉപഭോക്താക്കൾ സർവീസിലെ പോരായ്മകൾക്കെതിരെ മുൻപും ശക്തമായി പ്രതിഷേധിക്കുകയും മോട്ടോർ വാഹന വകുപ്പിനും ജില്ലാ ഭരണകൂടത്തിനും പരാതി നൽകുകയും ചെയ്തിട്ടുണ്ട്.






























