കൊച്ചി: സമൂഹമാധ്യമത്തിൽ തുറന്ന കത്തുമായി കസ്റ്റഡി മർദനത്തിനിരയായ യൂത്ത് കോൺഗ്രസ് തൃശൂർ ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്‍റ് വി.എസ് സുജിത്. മർദനത്തിന് ഉത്തരവാദികളായ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്തില്ലെന്നും കൂടെയുണ്ടാകുമെന്ന് പറഞ്ഞ നേതാക്കൾ എവിടെയെന്നും സുജിത് ഫേസ്ബുക്കിൽ ചോദിച്ചു. തനിക്ക് രാഷ്ട്രീയ സംരക്ഷണമല്ല, നീതിയാണ് വേണ്ടതെന്നും സുജിത് പറഞ്ഞു. ‘പോലീസ് ലോക്കപ്പിൽ മർദനത്തിനിരയായ എന്നോട് കൂടെയുണ്ടെന്നാണ് അന്ന് നേതാക്കൾ പറഞ്ഞത്. ഭയപ്പെടേണ്ട, അവസാനം വരെയ്ക്കും ഞങ്ങൾ പൊരുതുമെന്നെല്ലാം പറഞ്ഞു. ഇന്ന് ഒരു വർഷം കഴിഞ്ഞു. നമ്മുടെ സർക്കാർ വന്നു. പിന്തുണ പ്രഖ്യാപിച്ചവരിൽ ഒരാൾ മുഖ്യമന്ത്രിയായി.
മറ്റൊരാൾ ആഭ്യന്തരമന്ത്രിയും. വേറൊരാൾ കെപിസിസി പ്രസിഡന്‍റായും തുടരുന്നു. പക്ഷേ, ചോദിക്കുകയാണ്, മർദനത്തിന് ഉത്തരവാദികളായ പോലീസുകാർക്കെതിരെ സർക്കാർ എന്ത് നടപടിയെടുത്തു? അന്വേഷണം എവിടെയെത്തി? നടപടി വൈകുന്നതിന് പിന്നിലെന്താണ്?’ സുജിത് ചോദിച്ചു. ഇത് ഒരു വ്യക്തിയുടെ മാത്രം പോരാട്ടമല്ലെന്നും നാളെ ഏതൊരു സാധാരണക്കാരനും സംഭവിക്കാവുന്ന അനീതിക്കെതിരായ പോരാട്ടമാണെന്നും സുജിത് കുറിച്ചു. വാഗ്ദാനങ്ങളല്ല, രാഷ്ട്രീയ സംരക്ഷണങ്ങളല്ല, കുറ്റക്കാർക്കെതിരെ നടപടിയും തനിക്ക് നീതിയും ലഭിക്കണമെന്നാണ് ആവശ്യമെന്നും സുജിത് പറഞ്ഞു.
2023 ഏപ്രിലിലാണ് യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റ് വി.എസ് സുജിത്തിനെ പോലീസുകാർ സ്റ്റേഷനിലെത്തിച്ച് ക്രൂരമായി മർദിച്ചത്. മർദനത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെ പോലീസുകാർക്കെതിരെ നടപടി വേണമെന്ന് ആവശ്യം പാർട്ടിയിൽ നിന്നും പൊതുജനങ്ങളിൽ നിന്നും ശക്തമായി ഉയർന്നുവന്നിരുന്നു. ആരോപണവിധേയരായ പോലീസുകാരെ പിരിച്ചുവിടണമെന്നായിരുന്നു കോൺഗ്രസ് നേതൃത്വത്തിന്‍റെ ആവശ്യം. എന്നാൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറി മാസങ്ങൾ പിന്നിട്ടിട്ടും കേസിൽ പുരോഗതിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സുജിത്തിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്.
































