റാന്നി : നിര്‍ദ്ധന കുടുംബത്തിലെ പെണ്‍കുട്ടിക്ക് കതിര്‍മണ്ഡപമൊരുക്കി നല്‍കി റാന്നി തോട്ടമണ്‍കാവ് ദേവസ്വം അധികൃതര്‍. ക്ഷേത്ര സന്നിധിയിൽ വെച്ചു ഇന്ന് കാലത്താണ് പൂർണ്ണമായും ദേവസ്വം ചിലവില്‍ വിവാഹം ഭരണസമിതിയുടെ നേതൃത്വത്തിൽ നടത്തികൊടുത്തത്. റാന്നി പുല്ലൂപ്രം സ്വദേശിയും പരേതനായ ബിനുവിന്റെ മകൾ ബിനയ ബിനുവും തിരുവനന്തപുരം ഇലിപ്പോട് സ്വദേശി നന്ദുവുമാണ് തോട്ടമൺകാവ് ക്ഷേത്രത്തില്‍ വിവാഹിതരായത്.
വധുവിന് ഹാരമെടുത്തു കൊടുത്തത് ദേവസ്വം പ്രസിഡന്റ് അഡ്വ. ഷൈന്‍ ജി.കുറപ്പാണ്. വിവാഹത്തിന് സദ്യവട്ടമൊരുക്കി നല്‍കിയതും ദേവസ്വം അധികൃതരാണ്. ഭരണസമിതിയുടെ നേതൃത്വത്തിൽ നടക്കുന്ന രണ്ടാമത്തെ വിവാഹമാണ് ഇത്. കഴിഞ്ഞവർഷമാണ് മംഗല്യനിധി രൂപീകരിച്ച് വിവാഹം നടത്തി കൊടുക്കുന്ന പദ്ധതിക്ക് ക്ഷേത്രത്തില്‍ ആരംഭം കുറിച്ചത്.
വിവാഹ ചടങ്ങിൽ അഡ്വ.പ്രമോദ് നാരായണൻ എം.എൽ.എ, തോട്ടമൺകാവ് ദേവസ്വം പ്രസിഡന്റ് അഡ്വ. ഷൈൻ ജി കുറുപ്പ്, റാന്നി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സിന്ധു സജയൻ, ഗ്രാമപഞ്ചായത്ത് അംഗം ശശികല രാജശേഖരൻ, ദേവസ്വം സെക്രട്ടറി സത്യശേഖരൻ നായർ, ട്രഷർ ഹരികുമാർ, ഗംഗാധരൻ നായർ, ജനാർദ്ദനൻ പിള്ള, ഗോപാലകൃഷ്ണൻ, ഗോപാലകൃഷ്ണൻ കർത്താ, ഗോപിനാഥ പിള്ള, കെ. ജി രാജീവ്, ശിവൻ പിള്ള, വിജയൻ എന്നിവർ പങ്കെടുത്തു.