മുംബൈ : കൊവിഡ് വ്യാപനം അനിയന്ത്രിതമായി തുടരുന്നതിനിടെ വാക്സിൻ ക്ഷാമത്തെ തുടർന്ന് വിതരണം നിർത്തിവെച്ച് മുംബൈ. മൂന്ന് ദിവസത്തേക്കാണ് മുംബൈ വാക്സിൻ വിതരണം നിർത്തിവെച്ചിരിക്കുന്നത്. ഗ്രേറ്റർ മുംബൈ മുൻസിപ്പൽ കോർപ്പറേഷനാണ് ഇക്കാര്യം അറിയിച്ചത്. 18 നും 45 നും ഇടയിൽ പ്രായമുള്ളവർക്ക് വാക്സിൻ നൽകുന്നത് മെയ് ഒന്നിന് ആരംഭിക്കുമെന്നാണ് കേന്ദ്രം അറിയിച്ചിരിക്കുന്നത്.
ഇത് സംബന്ധിച്ച് രജിസ്ട്രേഷനും ആരംഭിച്ചിട്ടുണ്ട്. എന്നാൽ വാക്സിൻ ക്ഷാമം നേരിടുന്നതിനാൽ മൂന്ന് ദിവസം കൂടി കാത്തിരിക്കണമെന്നാണ് ലോക്കൽ അഡ്മിനിസ്ട്രേഷൻ അറിയിക്കുന്നത്. ഏപ്രിൽ 30 മുതൽ മെയ് 2 വരെയാണ് വാക്സിൻ വിതരണം നിർത്തിവെച്ചിരിക്കുന്നത്. വാക്സിൻ ലഭ്യമായാൽ ജനങ്ങളെ മാധ്യമങ്ങളിലൂടെ അറിയിക്കുമെന്നും അധികൃതർ വ്യക്തമാക്കി.