കൊണ്ടോട്ടി : കാലിക്കറ്റ് എയര്‍പോര്‍ട്ട് പരിസരം കേന്ദ്രീകരിച്ച് ലഹരിമരുന്ന് വില്പന നടത്തിവന്ന സംഘത്തിലെ ടാക്‌സി ഡ്രൈവറടക്കം മൂന്നു പേര്‍ പിടിയിൽ. വേങ്ങര തോട്ടശ്ശേരിയറ സ്വദേശികളായ കല്ലക്കന്‍ തൊടിക മുഹമ്മദ്കുട്ടി (35), പനക്കല്‍ വീട്ടില്‍ രാജന്‍ (49) , വേങ്ങര കുറ്റൂര്‍ നോര്‍ത്ത് സ്വദേശി കഞ്ചിപറമ്പന്‍ മുബാറക്ക് എന്നിവരാണ് അറസ്റ്റിലായത്.
ശനിയാഴ്ച വൈകിട്ട് എയര്‍പോര്‍ട്ട് പരിസരത്തുനിന്ന് 1.8 കിലോഗ്രാം കഞ്ചാവുമായാണ് ഇവരെ പിടികൂടിയത്. കഞ്ചാവ് കടത്താന്‍ ഉപയോഗിച്ച വാഹനവും പിടികൂടിയിട്ടുണ്ട്. പിടിയിലായ മുബാറക്കിനെ നാലുവര്‍ഷം മുന്‍പ് കഞ്ചാവുമായി പരപ്പനങ്ങാടി എക്‌സൈസ് പിടികൂടിയിരുന്നു. മുഹമ്മദ് കുട്ടിക്കും ലഹരിയുമായി ബന്ധപ്പെട്ട് കരിപ്പൂര്‍ സ്റ്റേഷനില്‍ കേസ് ഉണ്ട്. പ്രതികൾ ഉള്‍പ്പെട്ട ലഹരി കടത്ത് സംഘത്തെക്കുറിച്ച് വിവരം ലഭിച്ചതായി പോലീസ് വ്യക്തമാക്കി.