കോഴിക്കോട് : കാര്‍ നിയന്ത്രണം വിട്ട് റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന സ്‌കൂട്ടറുകളില്‍ ഇടിച്ച് മൂന്ന് പേര്‍ക്ക് പരിക്കേറ്റു. പയ്യാനക്കല്‍ സ്വദേശിനി ഫാത്തിമ സുഹറ, ചെലവൂര്‍ കടയാട്ടുപറമ്പ് അലിമ സന്‍ഹ, അബ്ദു ലത്തീഫ് മൂഴിക്കല്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് സാരമുള്ളതല്ല. ഇന്നലെ വൈകിട്ട് അഞ്ചോടെയാണ് അപകടം നടന്നത്. കുന്നമംഗലം ഭാഗത്ത് നിന്ന് അമിത വേഗതയിലെത്തിയ കാര്‍ മൂഴിക്കല്‍ ടൗണിന് സമീപം സര്‍വീസ് സ്റ്റേഷനടുത്ത് റോഡരികില്‍ നിര്‍ത്തിയിട്ട നാല് സ്‌കൂട്ടറുകളില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ മൂന്ന് പേരും താഴ്ചയിലേക്ക് വീണു.
കാര്‍ ഇവരുടെ മുകളിലായി പാതിഭാഗം തൂങ്ങി നില്‍ക്കുന്ന അവസ്ഥയിലായിരുന്നു. ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന വെള്ളിമാട്കുന്ന് അഗ്നിരക്ഷാ നിലയത്തിലെ ഉദ്യോഗസ്ഥന്‍ ഷജില്‍ കുമാറിന്റെയും നാട്ടുകാരുടെയും അവസരോചിതമായ ഇടപെടലിലൂടെയാണ് വന്‍ ദുരന്തം ഒഴിവായത്. കാറില്‍ നെല്ലിക്കാപറമ്പ് സ്വദേശികളായ മൂന്ന് പേരാണ് ഉണ്ടായിരുന്നത്. പെട്ടെന്ന് തന്നെ കയര്‍ കൊണ്ടുവന്ന് കാറിന്റെ പിന്‍ഭാഗത്ത് കെട്ടി താങ്ങി നിര്‍ത്തി. താഴ്ചയില്‍ ഇറങ്ങിയ ഷജില്‍ നാട്ടുകാരുടെ സഹായത്തോടെ പരിക്കേറ്റവരെ മുകളിലേക്ക് കയറ്റുകയായിരുന്നു.