തിരുവനന്തപുരം: പതിനേഴ്കാരിയായ പ്ലസ് ടു വിദ്യാർത്ഥിനിക്ക് നേരെയുള്ള ലൈംഗിക അതിക്രമ കേസിൽ പ്രതിക്ക് മൂന്ന് വർഷം തടവും പതിനായിരം രൂപ പിഴയും. മണക്കാട് ഐരാണിമുട്ടം സ്വദേശിയായ ഷിബു കുമാറിനെ(49) യാണ് തിരുവന്തപുരം പ്രത്യേക അതിവേഗ കോടതി ജഡ്ജി ആർ.രേഖ ശിക്ഷിച്ചത്.
2022 ഏപ്രിൽ പത്തിനായിരുന്നു കേസിസ് ആസ്പദമായ സംഭവം. പ്രതി ഷിബു കുമാർ പലപ്പോഴും അശ്ലീലച്ചുവയോടെ കുട്ടിയോട് സംസാരിക്കുമായിരുന്നു. സംഭവ ദിവസം പരീക്ഷയ്ക്കായി കുട്ടി വീടിനകത്തിരുന്ന് പഠിക്കുകയായിരുന്നു. ഉച്ചക്ക് ഒരു മണിയോടെ പ്രതി വീടിന് പുറത്തുവന്ന് കുട്ടിയെ വിളിച്ചു. ശബ്ദം കേട്ട് കുട്ടി ജനലിലൂടെ നോക്കിയപ്പോൾ ഷിബു കുമാർ താൻ ഉടുത്തിരുന്ന മുണ്ട് പൊക്കി കാണിക്കുകയും അശ്ലീല വാക്കുകൾ പറയുകയുമായിരുന്നു.
കുട്ടിയുടെ അമ്മൂമ്മയും അയൽവാസിയും ഈ സമയം അടുത്തുണ്ടായിരുന്നു. അമ്മുമ്മ വഴക്ക് പറഞ്ഞതിനെ തുടർന്നാണ് പ്രതി സ്ഥലത്തു നിന്ന് പോയത്. കുട്ടി വീട്ടിലേക്ക് വരുന്ന വഴിക്ക് പല തവണ ഇയാൾ മദ്യ ലഹരിയിൽ ഭീഷണിപ്പെടുത്തുകയും ചീത്ത വിളിക്കുകയും ചെയ്യാറുണ്ടെന്ന് പ്രോസിക്യൂഷൻ അറിയിച്ചു. തടവ് ശിക്ഷയ്ക്ക് പുറമെയുള്ള പിഴ തുക അടച്ചില്ലെങ്കിൽ ആറുമാസം അധിക തടവ് അനുഭവിക്കണം. പിഴ തുക ലഭിച്ചാൽ അത് കുട്ടിക്ക് നൽകണമെന്ന് വിധിയിൽ പറഞ്ഞിട്ടുണ്ട്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ആർ.എസ്. വിജയ് മോഹൻ, അഡ്വ. അഖിലേഷ് ആർ.വൈ എന്നിവർ ഹാജരായി. ഫോർട്ട് പോലീസ് സ്റ്റേഷൻ എസ്.ഐ ആർ.ജി ഹരിലാൽ ആണ് കേസിന്റെ അന്വേഷണം നടത്തിയത്. പ്രോസിക്യൂഷൻ പതിനൊന്ന് സാക്ഷികളെ വിസ്തരിക്കുകയും പതിനൊന്ന് രേഖകൾ ഹാജരാക്കുകയും ചെയ്തു.