കോന്നി : ദ്രാവിഡ സംസ്കാരത്തിന്‍റെയും കേരള മാനവിക ചരിത്രത്തിന്‍റെയും അത്രയും തന്നെ പഴക്കമുള്ള പ്രാചീനവും പ്രൌഡവുമായ കലഞ്ഞൂര്‍ എന്ന ഗ്രാമത്തിലാണ് അതിപുരാതനമായ തൃക്കലഞ്ഞൂര്‍ ശ്രീ മഹാദേവക്ഷേത്രം ശബരിമലയില്‍ നിന്നും എണ്‍പത് കിലോമീറ്റര്‍ തെക്ക് പടിഞ്ഞാറായി പുനലൂര്‍ മൂവാറ്റുപുഴ പാതയുടെ സമീപത്ത് സ്ഥിതി ചെയ്യുന്നത്. ഏകദേശം ആയിരത്തി ഒരൂനൂറ് വര്‍ഷത്തിലധികമാണ് ക്ഷേത്രത്തിന്‍റെ കാലപ്പഴക്കം പറയപ്പെടുന്നത്.
അക്കാലത്ത് ഘോര വനമായിരുന്ന ഈ പ്രദേശത്ത് ശിവഭക്തനായ ഘര മഹര്‍ഷി വന്നുചേരുകയും ഒരു ദിവ്യ പ്രകാശത്തിന്‍റെ ഇകര്‍ഷണത്തില്‍ ഇദ്ദേഹം ഇവിടെ ഘോര തപസ് അനുഷ്ടിച്ചതിന്‍റെ ഫലമായി പരമശിവന്‍ പ്രത്യക്ഷപ്പെട്ടുവെന്നും ശേഷം ഘര മഹര്‍ഷിക്ക് ശിവന്‍ മൂന്ന് ശിവലിംഗങ്ങള്‍ നല്‍കിയതിന് ശേഷം ഇത് മൂന്ന് സ്ഥലങ്ങളില്‍ പ്രതിഷ്ഠിക്കുവാന്‍ നിര്‍ദ്ദേശിച്ചതായും തുടര്‍ന്ന് ആറാറു മൈല്‍ അകലത്തില്‍ കിഴക്കുപടിഞ്ഞാറായി കലഞ്ഞൂര്‍, അറുകാലിക്കല്‍, പെരിങ്ങനാട് എന്നിവടങ്ങളില്‍ അദ്ദേഹം ശിവലിംഗങ്ങള്‍ പ്രതിഷ്ഠിച്ചതായും ഇതില്‍ മഹാ ശിവലിംഗമാണ് കലഞ്ഞൂരില്‍ പ്രതിഷ്ഠിക്കപ്പെട്ടിട്ടുള്ളതെന്നും പറയപ്പെടുന്നു. ഖരമഹര്‍ഷിയുടെ പാദസ്പര്‍ശമേറ്റ ഭൂമി പിന്നീട് ഖരനൂര്‍ എന്നും പില്‍കാലത്ത് ഇത് കലഞ്ഞൂര്‍ എന്നും വിളിക്കപ്പെട്ടു.
ഒരു മഹാവ്യാധി ബാധയെ തുടര്‍ന്ന് ദേശം പ്രദേശം ഉപേക്ഷിച്ച് ഓടിപ്പോയവര്‍ തിരികെ വന്ന് താമസിച്ച ഇടമെന്നും കലകളുടെ ഊരാണെന്നും അതല്ല അഞ്ഞൂറ് കലകളുടെ നാടാണ് കലഞ്ഞൂര്‍ എന്നും പറയപ്പെടുന്നുണ്ട്. കലഞ്ഞൂര്‍ ക്ഷേത്രത്തിന് ചരിത്രപ്രസിദ്ധമായ മണ്ണടി, പട്ടാഴി തുടങ്ങിയ സ്ഥലങ്ങളുമായി അഭേദ്യമായ ബന്ധമുണ്ട്. പ്രാചീനകാലത്ത് മണ്ണടി ദേശാധിപത്യത്തില്‍ കീഴിലുള്ള ഈ ക്ഷേത്രം മണ്ണടിയിലെ ദിവ്യനായിരുന്ന കമ്പിത്താന്‍റെ സ്ഥാനാരോഹണ ചടങ്ങുമായി ബന്ധപ്പെട്ടാണ് ചരിത്രത്തില്‍ ഇടം നേടിയത്.
കലഞ്ഞൂര്‍ മഹാദേവക്ഷേത്രവും മണ്ണടി ദേശവുമായുള്ള ബന്ധത്തെപറ്റിയും കമ്പിത്താനെ പറ്റിയും കൊട്ടാരത്തില്‍ ശങ്കുണ്ണി രചിച്ച ഐതീഹ്യ മാലയില്‍ പ്രതിപാദിച്ചിട്ടുണ്ട്. മണ്ണടിയില്‍ നിന്ന് പുറപ്പെട്ട കമ്പിത്താന്‍ കലഞ്ഞൂരെത്തുകയും ക്ഷേത്രത്തില്‍ നിന്ന് 1.5 കിലോമീറ്റര്‍ കിഴക്കുമാറി സ്ഥിതി ചെയ്യുന്ന കുടപ്പാറയില്‍ കയറുവാന്‍ ആരംഭിച്ചു. കയറുവാന്‍ അസാധ്യമായതും മൂന്ന് ചെറിയ പാറകള്‍ക്ക് മുകളിലായി കുടയുടെ ആകൃതിയില്‍ ഉയര്‍ന്ന് നില്‍ക്കുന്നതുമായ കുടപ്പാറയില്‍ പലപ്രാവശ്യം അദ്ദേഹം കയയിയിറങ്ങി തന്‍റെ ദിവ്യത്വം തെളിയിച്ചതായി ഐതിഹ്യമാലയില്‍ പറയുന്നു. ഇത്തരത്തില്‍ ദിവ്യത്വം തെളിയിച്ച ഇദ്ദേഹത്തിന് ആവണിപ്പലകയില്‍ സ്വീകരിച്ചിരുത്തി ശൂലം നല്‍കി കമ്പിത്താന്‍ എന്ന നാമകരണം നല്‍കി സ്ഥാനാരോഹണം നടത്തിയിരുന്നത് ക്ഷേത്ര ഉടമയായ പ്ലാസ്ഥാനത്തുമഠത്തിലെ അതാത് കാലത്തെ കാരണവരായിരുന്നു.
പൌരാണികതയുടെ തിരുശേഷിപ്പുകളായ ആവണിപ്പലകയും ശൂലവും ഇന്നും പ്ലാസ്ഥാനത്ത് മഠക്കാരുടെ സംരക്ഷണയില്‍ ക്ഷേത്രത്തില്‍ സ്ഥാപിക്കപ്പെട്ടിരിക്കുന്നു. കൊട്ടാരക്കര താലൂക്കില്‍ വെള്ളിനെല്ലൂര്‍ ശാസ്താക്ഷേത്രത്തിന് ശ്രീ മഹാദേവര്‍ ക്ഷേത്രവുമായി ബന്ധമുള്ളതായി ഐതിഹ്യം ഉണ്ട്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള താളിയോലകളില്‍ ശങ്കരപുരത്ത് മുക്കാല്‍ വട്ടം ദേവസ്വം എന്ന് വിളിക്കപ്പെടുന്ന ഈ മഹാദേവ ക്ഷേത്രത്തിലെ ആഘോഷങ്ങള്‍ ഇരുകരകളിലേയും നാട്ടുകാരുടെ സഹകരണത്തോടെ ക്ഷേത്ര ഭരണസമിതി പ്ലാസ്ഥാനത്ത് മഠം കുടുംബട്രസ്റ്റായ തൃക്കലഞ്ഞൂര്‍ ശ്രീ മഹിദേവര്‍ ദേവസ്വം ട്രസ്റ്റിന്‍റെ ആഭിമുഖ്യത്തില്‍ നടത്തി വരുന്നു.
മീനമാസത്തിലെ രോഹിണി നക്ഷത്രം ആറാം ഉത്സവമായി വരത്തക്കവിധം കൊടിയേറി എട്ട് ദിവസത്തെ ഉത്സവമാണ് നടത്തപ്പെടുന്നത്. രോഹിണി ഉത്സവം ക്ഷേത്രം ഉടമയായ പ്ലാസ്ഥാനത്ത് മഠത്തില്‍ നിന്നും പള്ളിവേട്ട, ആറാട്ട് യഥാക്രമം കിഴക്കേകരയും പടിഞ്ഞാറെ കരയുമാണ് നടത്തുന്നത്. ക്ഷേത്ര നവോത്ഥാന കാലഘട്ടത്തിന് മുമ്പ് കോന്നി ആനക്കൂട് സന്ദര്‍ശന വേളയില്‍ തിരുവിതാംകൂര്‍ മഹാരാജാവായിരുന്ന ആയില്യം തിരുനാള്‍ കലഞ്ഞൂരില്‍ ക്ഷേത്ര ദര്‍ശനം നടത്തി. ഇരട്ടകൊടിമരമാണ് ക്ഷേത്രത്തിന്‍റെ മറ്റൊരു സവിശേഷത. ഇരട്ടകൊടിമരങ്ങള്‍ മറ്റുപല ക്ഷേത്രങ്ങളിലും കാണപ്പെടുന്നുണ്ടെങ്കിലും മഹാദേവനും ഇണ്ടിളയപ്പനും അഭിമുഖമായി ഇരട്ടകൊടിമരം സ്ഥാപിക്കപ്പെട്ടിരിക്കുന്നത് ഈ ക്ഷേത്രത്തിന്‍റെ മാത്രം സവിശേഷതയാണ്.
































