തൃപ്പൂണിത്തുറ : മലയാളമണ്ണിന്റെ തിരുവോണോഘോഷത്തിന് തുടക്കം കുറിച്ച് ഇന്നു തൃപ്പൂണിത്തുറ അത്തം ഘോഷയാത്ര. രാവിലെ 9നു മുഖ്യമന്ത്രി വി.ഡി.സതീശനാണ് ഘോഷയാത്ര ഉദ്ഘാടനം ചെയ്യുന്നത്. ദീപക് ജോയ് എംഎൽഎ അധ്യക്ഷത വഹിക്കും. അത്തച്ചമയത്തിന് ഉയർത്താനുള്ള പതാക ഹിൽപാലസിൽനിന്നു നഗരസഭാധ്യക്ഷൻ പി.എൽ. ബാബു ഏറ്റുവാങ്ങി. രാജകുടുംബത്തിന്റെ പ്രതിനിധിയായ രാമദാസ് തമ്പുരാൻ പതാക കൈമാറി. അത്താഘോഷ ജനറൽ കൺവീനർ ഇ.എസ്. രാകേഷ് പൈ പ്രസംഗിച്ചു. തുടർന്നു ചെറു ഘോഷയാത്രയോടെയാണു പതാകയും കൊടിമരവും അത്തം നഗറിൽ എത്തിച്ചത്. കൊടിമര ഘോഷയാത്രയ്ക്കു കരിങ്ങാച്ചിറ സെന്റ് ജോർജ് യാക്കോബായ കത്തീഡ്രലിന്റെ നേതൃത്വത്തിൽ സ്വീകരണം നൽകി. ഫാ.റിജോ ജോർജ് കൊമരിക്കൽ നേതൃത്വം നൽകി.
കോട്ടയം ഭാഗത്തു നിന്നു വരുന്ന വലിയ വാഹനങ്ങൾ മുളന്തുരുത്തി, ചോറ്റാനിക്കര, തിരുവാങ്കുളം, സീപോർട്ട് – എയർപോർട്ട് റോഡ് വഴി എറണാകുളം ഭാഗത്തേക്കും വൈക്കം ഭാഗത്തു നിന്നു വരുന്ന വലിയ വാഹനങ്ങൾ വലത്തേക്കു തിരിഞ്ഞു മുളന്തുരുത്തി – തിരുവാങ്കുളം റോഡിലൂടെ എറണാകുളത്തേക്കും പോകണം.
കോട്ടയം, വൈക്കം, മുളന്തുരുത്തി ഭാഗങ്ങളിൽ നിന്ന് എറണാകുളത്തേക്കു വരുന്ന സർവീസ് ബസുകളും ചെറു വാഹനങ്ങളും കണ്ണൻകുളങ്ങര ജംക്‌ഷൻ, മിനി ബൈപാസ് വഴി പോകണം.
കോട്ടയം, വൈക്കം, മുളന്തുരുത്തി ഭാഗങ്ങളിൽ നിന്നും കാക്കനാട്, അമ്പലമേട്, തിരുവാങ്കുളം ഭാഗങ്ങളിലേക്ക് പോകേണ്ട വാഹനങ്ങൾ നടക്കാവ്, തിരിഞ്ഞ് മുളന്തുരുത്തി ചോറ്റാനിക്കര വഴി പോകണം. എറണാകുളം, വൈറ്റില ഭാഗങ്ങളിൽ നിന്നു വൈക്കം, മുളന്തുരുത്തി, കോട്ടയം ഭാഗങ്ങളിലേക്ക് പോകേണ്ട ചെറുവാഹനങ്ങളും സർവീസ് ബസുകളും പേട്ട ജംക്‌ഷനിൽ എത്തി മിനി ബൈപാസ് വഴി പോകണം. വൈറ്റില, കുണ്ടന്നൂർ ഭാഗങ്ങളിൽ നിന്ന് അമ്പലമേട്, ചോറ്റാനിക്കര, മൂവാറ്റുപുഴ ഭാഗങ്ങളിലേക്ക് പോകേണ്ട എല്ലാ വാഹനങ്ങളും പേട്ട ജംക്‌ഷൻ, ഇരുമ്പനം ജംക്‌ഷൻ വഴി പോകണം.
വെണ്ണല, എരൂർ ഭാഗങ്ങളിൽ നിന്നു കോട്ടയം, അമ്പലമേട്, മൂവാറ്റുപുഴ ഭാഗങ്ങളിലേക്ക് പോകേണ്ട വാഹനങ്ങൾ എരൂർ ലേബർ ജംക്‌ഷൻ, ട്രാക്കോ കേബിൾ ജംക്‌ഷൻ, ഇരുമ്പനം ജംക്‌ഷൻ വഴി പോകണം. മൂവാറ്റുപുഴ, തിരുവാങ്കുളം, അമ്പലമേട് ഭാഗങ്ങളിൽ നിന്നും എറണാകുളം, ആലപ്പുഴ ഭാഗങ്ങളിലേക്ക് പോകേണ്ട ചെറു വാഹനങ്ങളും സർവീസ് ബസുകളും കരിങ്ങാച്ചിറ ഇരുമ്പനം – എസ്എൻ ജംക്‌ഷൻ – പേട്ട വഴി പോകണം. വലിയ വാഹനങ്ങൾ കാക്കനാട്, പാലാരിവട്ടം വഴി പോകണം.

































