തൃശൂര്‍: തൃശൂര്‍ പൂരത്തിന്റെ മത്സരക്കുടമാറ്റം അവസാനിച്ചു. പാറമേക്കാവും തിരുവമ്പാടിയും മത്സരിച്ച് നടത്തിയ കുടമാറ്റത്തില്‍ ഓരോന്നും ഒന്നിനൊന്ന് മികച്ച് നിന്നു. പ്രത്യേക കുടകളില്‍ ഏറ്റവും പ്രധാനം തിരുവമ്പാടിയുടെ തുറുപ്പുചീട്ടായിരുന്നു, മെസി! ലോകകിരീടം നേടിയ മെസിക്ക് ആശംസയുമായി തിരുവമ്പാടിയുടെ വേറിട്ട കുട ആനപ്പുറത്തുയര്‍ന്നതോടെ ജനസാഗരം ആര്‍ത്തുവിളിച്ചു. പലനിറത്തിലും പല ഡിസൈനിലുമുളള മികവാര്‍ന്ന കുടകള്‍ നിവര്‍ത്തി മത്സരിച്ചുള്ള കുടമാറ്റം ആസ്വദിക്കാന്‍ പതിനായിരങ്ങളാണ് എത്തിയത്.
സൂര്യാസ്തമയത്തോടെ എല്‍ഇഡി കുടകളും പ്രത്യേക കുടകളും രംഗപ്രവേശം ചെയ്തു. പുലര്‍ച്ചെയോടെയാണ് വെടിക്കെട്ട് നടക്കുക. ആകാശത്ത് വിരിയുന്ന വർണ്ണവിസ്മയങ്ങൾ കാണാൻ കാത്തിരിക്കുകയാണ് തേക്കിൻകാട് മൈതാനത്തെ ജനസാഗരം. നാളെയാണ് അടുത്ത പൂരത്തിന്റെ തീയതി പ്രഖ്യാപിച്ച് തിരുവമ്പാടി പാറമേക്കാവ് ഭഗവതിമാര്‍ ഉപചാരം ചൊല്ലി പിരിയുക.