തൃശൂര്‍ : പൂരം നടത്തിപ്പിനെക്കുറിച്ച് തീരുമാനിക്കാന്‍ ഉദ്യോഗസ്ഥ സംഘം വടക്കുംനാഥ ക്ഷേത്ര മൈതാനം സന്ദര്‍ശിച്ചു. ജനപങ്കാളിത്തത്തിന്റെ കാര്യം എങ്ങനെ വേണമെന്ന് പോലീസും ആരോഗ്യവകുപ്പും സംയുക്തമായി തീരുമാനിക്കും. ഇത്തവണ ഏപ്രില്‍ 23നാണ് തൃശൂര്‍ പൂരം. കോവിഡ് കണക്കിലെടുത്ത് വന്‍ജനക്കൂട്ടത്തെ അനുവദിക്കാന്‍ കഴിയില്ലെന്നാണ് ജില്ലാഭരണകൂടത്തിന്റെ നിലപാട്. നിയന്ത്രണങ്ങളോടെ പൂരം നടത്താനാണ് ആലോചന. എത്ര ആളുകളെ പങ്കെടുപ്പിക്കാം.
എത്ര ആനകളെ അണിനിരത്താം. തൃശൂര്‍ സ്വരാജ് റൗണ്ടിലും വടക്കുംനാഥ ക്ഷേത്ര മൈതാനത്തും ക്രമീകരണങ്ങള്‍ എങ്ങനെ വേണം. ഇതു പരിശോധിക്കാനാണ് സിറ്റി പോലീസ് കമ്മീഷണര്‍ ആര്‍. ആദിത്യയും ഡിഎംഒ: ഡോ.കെ.ജെ.റീനയും അടങ്ങുന്ന സംഘം വടക്കുംനാഥ ക്ഷേത്ര മൈതാനത്ത് എത്തിയത്. പൂരത്തിന്റെ ചടങ്ങുകള്‍ നടക്കുന്ന അതേസ്ഥലത്ത് ഉദ്യോഗസ്ഥ സംഘം പോയി. ദേവസ്വം പ്രതിനിധികളോട് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു.
കോവിഡ് രോഗികളുടെ എണ്ണം കൂടുകയാണോ കുറയുകയാണോ എന്നതനുസരിച്ചാകും നിയന്ത്രണങ്ങള്‍. ഓരോ ആഴ്ചയും ഇക്കാര്യങ്ങള്‍ സൂക്ഷ്മമായി വിലയിരുത്തുന്നുണ്ട്. ജില്ലാ ഭരണകൂടവും ആരോഗ്യ വകുപ്പും പോലീസും സംയുക്തമായി കാര്യങ്ങള്‍ വിലയിരുത്തിയ ശേഷമാകും തീരുമാനം പ്രഖ്യാപിക്കുക. പൂരം പ്രദര്‍ശനത്തിന്റെ കാര്യത്തില്‍ അടുത്തയാഴ്ച തീരുമാനമെടുക്കും.