കോന്നി : നായയുടെ ആക്രമണത്തിന്റെ നടുക്കം വിട്ടുമാറുന്നതിന് മുമ്പേ പുലിപേടിയും മണ്ണീറയെ കീഴടക്കി. കഴിഞ്ഞ ദിവസം രാത്രി ഒൻപതരയോടെ ആയിരുന്നു മണ്ണീറ തലമാനത്ത് പുലിയുടെ ആക്രമണമുണ്ടായത്. തലമാനം അജി വിലാസത്തിൽ അജിയുടെ നായയെയാണ് വീട്ടുകാർ നോക്കി നിൽക്കേ പുലി പിടിച്ചുകൊണ്ട് പോയത്. രണ്ട് നായകളെയാണ് അജിയുടെ വീട്ടിൽ വളർത്തിയിരുന്നത്. ഒരെണ്ണത്തിനെ പുലി പിടികൂടുകയും ഒന്നിനെ കടിച്ച് പരുക്കേൽപ്പിക്കുകയുമായിരുന്നുവെന്ന് വനപാലകർ പറഞ്ഞു. മണ്ണീറ ഫോറസ്റ്റ് ഡെപ്യൂട്ടി റേഞ്ച് ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി സംഭവം സ്ഥിരീകരിച്ചു.
പ്രദേശത്ത് കൂട് സ്ഥാപിക്കുവാൻ ഉന്നത ഉദ്യോഗസ്ഥർക്ക് റിപ്പോർട്ട് സമർപ്പിക്കുമെന്നും അവര്‍ പറഞ്ഞു. കഴിഞ്ഞ ദിവസമായിരുന്നു പേപ്പട്ടിയുടെ ആക്രമണത്തിൽ നിരവധി ആളുകൾക്ക് പരുക്കേറ്റത്. ഇതിന് പിന്നാലെയാണ് പുലിയുടെ ആക്രമണവും പ്രദേശത്തെ ഭീതിയിലാഴ്ത്തുന്നത്. തണ്ണിത്തോട് റോഡിൽ സ്ഥിരമായി മാലിന്യങ്ങൾ തള്ളുന്നത് തെരുവ് നായ ശല്യം വർധിപ്പിക്കുന്നതായും നായകളുടെ എണ്ണം പെരുകുന്നത് പുലികളെയും മറ്റ് ഹിംസ്ര ജന്തുക്കളേയും ജനവാസ മേഖലയിലേക്ക് ആകർഷിക്കുന്നതായും നാട്ടുകാർ പറയുന്നു. മുൻപും മണ്ണീറയിലേക്കുള്ള റോഡിൽ വാഹനത്തിന് നേരെ പുലിയുടെ ആക്രമണം ഉണ്ടായിട്ടുണ്ട്. കോന്നി – തണ്ണിത്തോട് റോഡിൽ പലയിടങ്ങളിലും വനമേഖലയിൽ മത്സ്യ മാംസാവശിഷ്ടങ്ങൾ ഉൾപ്പെടെ തള്ളുന്നതിനെതിരെ പഞ്ചായത്തും ബന്ധപ്പെട്ട വകുപ്പുകളും നടപടി സ്വീകരിക്കുന്നുമില്ല. കഴിഞ്ഞ ദിവസം നാട്ടുകാരെ ആക്രമിച്ച പേപ്പട്ടി പിന്നീട് ചത്തെങ്കിലും മറ്റൊരു നായ ഇപ്പോഴും പ്രദേശത്ത് ഭീതി വിതയ്ക്കുന്നതായി നാട്ടുകാർ പറയുന്നു. പേപ്പട്ടിയുടെ ആക്രമണത്തിന് പിന്നാലെ അപ്രതീക്ഷിതമായി നടന്ന പുലിയുടെ ആക്രമണം കൂടിയായപ്പോൾ പ്രദേശവാസികളുടെ ഭയാശങ്കകൾ വർധിക്കുകയാണ്.