പുല്പള്ളി : ചേപ്പിലയില്‍ കൃഷിയിടത്തില്‍ കാട്ടുപന്നിയെ ആക്രമിച്ചുകൊന്ന കടുവയെ തിരച്ചിലിനിടെ കണ്ടെത്തി. തിരച്ചിലിനിടയില്‍ ഏരിയാപള്ളി റേഷന്‍കടക്ക് സമീപം കടുവയെ കണ്ടെങ്കിലും ശബ്ദം കേട്ടതോടെ കാട്ടിലേക്ക് കടന്നുകളയുകയായിരുന്നു. തിരച്ചിലിന്റെ ഭാഗമായി കാടു മൂടിക്കിടക്കുന്ന പ്രദേശം വെട്ടിത്തെളിക്കാന്‍ വനംവകുപ്പ് ആര്.ആര്. ടീം രംഗത്തെത്തി. കഴിഞ്ഞ ദിവസം കാട്ടുപന്നിയെ കൊന്ന വന്യജീവി ഏതാണെന്ന് അറിയുന്നതിന് വനംവകുപ്പ് കാമറകള്‍ സ്ഥാപിച്ചിരുന്നു. ഇതില്‍ നിന്നാണ് കടുവയുടെ സാമീപ്യം മനസ്സിലാക്കിയത്.
പ്രായം കുറഞ്ഞ കടുവയാണ് പ്രദേശത്ത് ഇറങ്ങിയതെന്നും ഇരതേടുന്നത് ആരോഗ്യമുള്ള വന്യജീവികളെ ആയതിനാല്‍ ആരോഗ്യ പ്രശ്നങ്ങള്‍ ഇല്ലാത്ത കടുവയാണ് ഇതെന്നും വനപാലകര്‍ പറഞ്ഞു. 2018 വരെയുള്ള സെന്സസുകളില് ഈ കടുവയുടെ യാതൊരു വിവരവും ലഭ്യമായിട്ടില്ലെന്ന് സൗത്ത് വയനാട് ഡി.എഫ്.ഒ ഷജ്ന കരീം പറഞ്ഞു. ഒന്നുകില്‍ സെന്‍സസില്‍ പതിയാത്തതോ മറ്റുമാകാനാണ് സാധ്യത. കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് പുല്പള്ളി പഞ്ചായത്തിലെ ആറാം വാര്‍ഡിലെ ചേപ്പിലയില്‍ തടത്തില്‍ സദാനന്ദന്റെ കൃഷിയിടത്തില്‍ കാട്ടുപന്നിയുടെ ജഡം കണ്ടെത്തിയത്. വനംവകുപ്പിലെ ആര്.ആര്.ടിയുടെ നേതൃത്വത്തില്‍ വ്യാഴാഴ്ച മുതല്‍ തിരച്ചില്‍ ആരംഭിച്ചു.
കാടുമൂടിക്കിടക്കുന്ന തോട്ടങ്ങള്‍ വെട്ടിത്തെളിക്കുകയാണ് ആദ്യമായി ചെയ്തത്. ഇത്തരത്തില്‍ കടുവയെ പ്രദേശത്തുനിന്നും തുരത്താനാണ് ശ്രമം. വീണ്ടും പ്രദേശത്തെത്തിയാല്‍ കടുവയെ തുരത്തുന്നതിന് ആവശ്യമായ നടപടികള്‍ കൈക്കൊള്ളുമെന്നും ഡി.എഫ്.ഒ പറഞ്ഞു. ജനങ്ങളുടെ ഭീതി അകറ്റാന്‍ ആവശ്യമായ എല്ലാ നടപടികളും കൈക്കൊള്ളും. കടുവയുടെ കാല്പാടുകളും ചിത്രങ്ങളും അടക്കം കൂടുതല്‍ പരിശോധനക്കായി കടുവ സെന്‍സസ് അധികൃതര്‍ക്കും കര്‍ണാടക വനംവകുപ്പിനും അയച്ചിട്ടുണ്ട്. അതേസമയം കടുവ കഴിഞ്ഞ നാല് ദിവസവും കാട്ടുപന്നിയെ കൊന്ന സ്ഥലത്ത് എത്തിയതായി വ്യക്തമായിട്ടുണ്ട്.
കഴിഞ്ഞ മൂന്ന് ദിവസങ്ങളിലും പന്നിയുടെ ജഡത്തില്‍ നിന്ന് കുറേ ഭാഗം ഭക്ഷിച്ചശേഷം പുതിയ സ്ഥലത്തേക്ക് വലിച്ചിട്ടിരിക്കുന്നതായാണ് കണ്ടെത്തിയത്. ഒരാഴ്ചക്കുള്ളില്‍ ചേപ്പിലക്കടുത്ത പ്രദേശമായ കേളക്കവലയില്‍ നിന്ന് മറ്റൊരു കാട്ടുപന്നിയേയും കൊന്നിരുന്നു. ഇതിനുപുറമെ മണലുവയലില് മാനിനേയും കടുവ കൊലപ്പെടുത്തിയിരുന്നു. കടുവയുടെ സാമീപ്യം പ്രദേശവാസികളെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. ക്ഷീര കര്‍ഷകരും സ്കൂള്‍ വിദ്യാര്‍ഥികളും ഭയപ്പാടിലാണ്. തോട്ടങ്ങളിലെ പണികളും മുടങ്ങി. കടുവയെ കൂടുവെച്ച് പിടികൂടണം എന്ന ആവശ്യം ശക്തമാണ്.