പത്തനംതിട്ട : തണ്ണിത്തോട്ടില്‍ ഒരു യുവാവിനെ പട്ടാപ്പകല്‍ കടുവ കടിച്ചുകീറി കൊന്നിട്ട് ഒരാഴ്ച കഴിഞ്ഞു. ഇപ്പോഴും അധികൃതരുടെ കടുവാകളി തുടരുകയാണെന്ന് കെ.പി.സി.സി അംഗം പി.മോഹന്‍ രാജ് പറഞ്ഞു. ജനങ്ങള്‍ കടുത്ത ഭീതിയിലാണ് കഴിയുന്നത്. പകല്‍പോലും പുറത്തിറങ്ങുവാന്‍ ഭയമാണ്. എപ്പോള്‍ എവിടെനിന്നാണ് കടുവ ചാടിവീഴുന്നതെന്ന് അറിയില്ല. ഉദ്യോഗസ്ഥര്‍ തോക്കും കൂടുമായി കറങ്ങിയിട്ടും കടുവയെ കിട്ടുന്നില്ല. ദിവസങ്ങള്‍ കഴിയുമ്പോള്‍ കടുവ താനെ കാട്ടിനുള്ളിലേക്ക് പോകുമെന്ന കണക്കുകൂട്ടലാണ് ഇതിനുപിന്നിലെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ജനങ്ങളെ കൊന്നുതിന്നാലും കടുവക്ക് ഒന്നും സംഭവിക്കരുതെന്ന ഉദ്ദേശമാണ് കടുവപിടുത്തം ഇങ്ങനെ അനന്തമായി മുമ്പോട്ടു പോകുവാന്‍ കാരണമെന്ന് പി.മോഹന്‍ രാജ് പറഞ്ഞു.
വടശ്ശേരിക്കര പേഴുംപാറ കാവനാലില്‍ ഇന്നും കടുവയുടെ സാന്നിധ്യം കണ്ടു . വീടിന് സമീപം വിറക് ശേഖരിക്കാന്‍ പോയ വീട്ടമ്മയാണ് കടുവയെ കണ്ടത്. വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി തിരച്ചില്‍ നടത്തിയെങ്കിലും കടുവയുടെ പൊടിപോലും കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇന്നും മാധ്യമപ്പട കടുവയെ പിടിക്കുന്നത് ചിത്രീകരിക്കുവാന്‍ എത്തിയിരുന്നു. മാധ്യമങ്ങളിലൂടെ കടുവയെ പിടിക്കാനാണ് ചിലര്‍ ശ്രമിക്കുന്നതെന്ന് ഡി.സി.സി വൈസ് പ്രസിഡന്റ് എ.സുരേഷ് കുമാര്‍ പറഞ്ഞു. കടുവാകളി നിര്‍ത്തി യഥാര്‍ഥ കടുവയെ പിടികൂടുകയോ വെടിവെച്ചു വീഴ്ത്തുകയോ ചെയ്യണം. മനുഷ്യ ജീവനാണ് വില, എന്നാല്‍ ഇവിടെ കടുവക്ക് ഒരുപോറല്‍ പോലും ഏല്‍ക്കാതെ കാവലായി ഉദ്യോഗസ്ഥര്‍ ചുറ്റും കറങ്ങുകയാണ്. റോഡില്‍ നിന്ന് കടുവയെ പിടിക്കാന്‍ ശ്രമിച്ചാല്‍ ഇക്കാര്യത്തില്‍ പ്രതിഷേധവുമായി ജനങ്ങള്‍ മുന്നിട്ടിറങ്ങുമെന്നും അവര്‍ക്ക് നേതൃത്വം കൊടുക്കുവാന്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് തയ്യാറാകുമെന്നും എ.സുരേഷ് കുമാര്‍ പറഞ്ഞു.