കോന്നി: പത്തനംതിട്ട വള്ളിക്കോട് വകയാര്‍ റോഡില്‍ പുലര്‍ച്ചെ ഉണ്ടായ അപകടത്തിന്റെ നടുക്കം വിട്ടൊഴിഞ്ഞിട്ടില്ല കൊച്ചാലുമൂട് നിവാസികള്‍ക്ക്. അമിത വേഗതയില്‍ വന്ന ടിപ്പര്‍ ലോറി സ്‌കൂട്ടര്‍ യാത്രക്കാരെ ഇടിച്ച് തെറിപ്പിച്ച ശേഷം കടന്നുപോവുകയായിരുന്നു എന്ന് നാട്ടുകാര്‍ പറയുന്നു. ഇടിച്ച ശേഷം ലോറി കുറെ ദൂരം മുന്നോട്ട് പോയിരുന്നു. അപകടത്തില്‍ സ്‌കൂട്ടറും ഇവര്‍ ധരിച്ചിരുന്ന ഹെല്‍മെറ്റും പൂര്‍ണ്ണമായി തകര്‍ന്നു. അങ്ങാടിക്കല്‍ വടക്ക് പാല നില്‍ക്കുന്നതില്‍ കിഴക്കേതില്‍ ജയ്‌സണ്‍ ഷീബ ദമ്പതികളുടെ മകള്‍ ജെസ്‌ന ജെയ്‌സണ്‍ ആണ് മരിച്ചത്. മാതാവ് ഷീബയ്‌ക്കൊപ്പം ട്യൂഷന്‍ ക്ലാസിലേക്ക് പോകുമ്പോള്‍ ഇന്ന് രാവിലെ ഏഴ് മണിയോടെ ആയിരുന്നു സംഭവം.
കൊച്ചാലുമ്മൂട് ജംഗ്ഷനില്‍ ടിപ്പര്‍ ലോറികളുടെ അമിത വേഗം നാട്ടുകാര്‍ക്ക് വലിയ ഭീഷണിയാണ് ഉയര്‍ത്തുന്നത്. മൂന്ന് റോഡുകള്‍ കൂടി ചേരുന്ന ജംഗ്ഷനില്‍ എതിരെ വരുന്ന വാഹനങ്ങള്‍ കാണാത്ത രീതിയിലുള്ള വളവുകള്‍ ആണ് ഉള്ളത്. പോലീസ് പരോശോധന നടത്തുമെങ്കിലും പോലീസുകാരുടെ കണ്ണ് വെട്ടിച്ചാണ് ടിപ്പര്‍ ലോറികള്‍ ഇടതടവിലാതെ സഞ്ചരിക്കുന്നത്. ഇതിന് കിലോമീറ്ററുകള്‍ അപ്പുറം വി കോട്ടയത്ത് അന്തിച്ചന്ത ഭാഗത്തും ടിപ്പര്‍ ലോറി ഇടിച്ച് മൂന്ന് മാസങ്ങക്ക് മുന്‍പ് ഒരാള്‍ മരണപ്പെട്ടിരുന്നു. സ്‌കൂള്‍ സമയത്തുള്ള ടിപ്പര്‍ ലോറികളുടെ യാത്രയും വര്‍ധിക്കുക്കുന്നുണ്ട്. ഇതുവഴി കടന്നു പോകുന്ന ടിപ്പര്‍ ലോറികള്‍ക്ക് വേഗപ്പൂട്ടുകള്‍ ഉണ്ടോ എന്നതും പരിശോധിക്കേണ്ടതാണെന്ന് പ്രദേശവാസികള്‍ ആവശ്യപെടുന്നു.





























