ചെന്നൈ: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തമിഴ്‌നാട് ലോക്ക് ഡൗണ്‍ നീട്ടി. ഏപ്രില്‍ 30 വരെ ലോക്ക്ഡൗണ്‍ നീട്ടിയതായി മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി അറിയിച്ചു.
തമിഴ്‌നാട്ടില്‍ കോവിഡ് കേസുകള്‍ അനുദിനം ഉയരുകയാണ്. ഇതുവരെ 1075 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. ഇതില്‍ 50 പേര്‍ രോഗമുക്തരായി. ഇന്ന് മാത്രം ആശുപത്രിയില്‍ 106 പേരെയാണ് പ്രവേശിപ്പിച്ചത്. നിലവില്‍ 1014 പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ തുടരുന്നത്.
രാജ്യത്ത് ഏറ്റവുമധികം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത മഹാരാഷ്ട്രയും ലോക്ക്ഡൗണ്‍ നീട്ടിയിരുന്നു. കോവിഡ് വ്യാപനം തടയുന്നതിന് പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ ഏപ്രില്‍ 30 വരെയാണ് നീട്ടിയത്. അതേസമയം മഹാരാഷ്ട്ര ഭവനവകുപ്പ് മന്ത്രി ജിതേന്ദ്ര അവാദ് സ്വയം ക്വാറന്റൈനില്‍ പ്രവേശിച്ചു. കോവിഡ് സ്ഥിരീകരിച്ചയാളുമായി സമ്പര്‍ക്കം പുലര്‍ത്തി എന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നിരീക്ഷണത്തില്‍ കഴിയാന്‍ മന്ത്രി തീരുമാനിച്ചത്. മഹാരാഷ്ട്രയില്‍ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 2000 കടന്നു. പുതുതായി 82 പേര്‍ക്ക് കൂടിയാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 2064 ആയെന്ന് മഹാരാഷ്ട്ര ആരോഗ്യവകുപ്പ് പറയുന്നു.