വെല്ലൂര്‍: ആന്ധ്രപ്രദേശ് ജില്ലയായ ചിറ്റൂരുമായി അതിര്‍ത്തി പങ്കിടുന്ന റോഡില്‍ മതില്‍കെട്ടി തമിഴ്‌നാട്. കൊവിഡ് വ്യാപനം തടയുന്നതിനായി ഇരു സംസ്ഥാനത്തേക്കും ആളുകള്‍ വരുന്നതും പോകുന്നതും തടയാനാണ് റോഡിന് കുറുകെ വെല്ലൂര്‍ ജില്ലാ അധികൃതര്‍ മതില്‍ നിര്‍മ്മിച്ചത്. അതേസമയം ചിറ്റൂര്‍ ജില്ലാ അധികൃതരുമായ ആന്ധ്ര സര്‍ക്കാറുമായോ കൂടിയാലോചിക്കാതെയാണ് തമിഴ്‌നാട് മതില്‍ കെട്ടിയതെന്നും അടിയന്തര സാഹചര്യങ്ങളില്‍ യാത്ര അനുവദിക്കണമെന്നുമുള്ള പ്രോട്ടോക്കോളിന്റെ ലംഘനമാണ് തമിഴ്‌നാട് നടത്തിയതെന്നും വിമര്‍ശനമുയര്‍ന്നു. അഞ്ചടിയോളം ഉയരത്തിലാണ് മതില്‍ നിര്‍മിച്ചത്.
ചിറ്റൂര്‍ അതിര്‍ത്തി ഗ്രാമങ്ങളില്‍ ജീവിക്കുന്നവര്‍ ആശ്രയിക്കുന്ന പട്ടണമാണ് വെല്ലൂര്‍. നിരവധി തെലുഗ് കുടുംബങ്ങളാണ് വെല്ലൂരില്‍ താമസിക്കുന്നത്. മുന്നറിയിപ്പില്ലാത്ത മതില്‍ നിര്‍മാണം ചരക്കുനീക്കത്തെയും അവശ്യ സര്‍വീസിനെയും പ്രതികൂലമായി ബാധിക്കുമെന്ന് ജോയിന്റ് കലക്ടര്‍ മാര്‍കണ്ഡേയലു പറഞ്ഞു. വെല്ലൂരിലെ ആശുപത്രികളില്‍ ചികിത്സയും ചിറ്റൂരിലുള്ളവര്‍ക്ക് മുടങ്ങുന്ന ഗുരുതര സാഹചര്യമുണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. കേരളത്തിന്റെ അതിര്‍ത്തിയില്‍ കാസര്‍കോട് മണ്ണിട്ട് നികത്തിയത് വിവാദമായിരുന്നു. പിന്നീട് കേന്ദ്ര സര്‍ക്കാര്‍ ഇടപെട്ടാണ് പ്രശ്‌നം പരിഹരിച്ചത്. മംഗലാപുരത്തെ ആശുപത്രികളില്‍ എത്താനാകാതെ നിരവധി പേര്‍ മരിച്ച സംഭവങ്ങളുമുണ്ടായി.