ന്യൂഡൽഹി : ഇന്ത്യയുടെ ആരോഗ്യ സംവിധാനങ്ങൾ പരമാവധി ഉപയോഗപ്പെടുത്തിയെന്നും ലോക്‌ഡൗൺ ഏർപ്പെടുത്തണമെന്നും ഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്) മേധാവി ഡോ. രൺദീപ് ഗുലേറിയ. കോവിഡ് രണ്ടാം തരംഗം നിയന്ത്രിക്കാൻ പോസിറ്റിവിറ്റി നിരക്ക് പത്തിനു മുകളിലുള്ള സ്ഥലങ്ങളിലെല്ലാം ലോക്ഡൗൺ ഏർപ്പെടുത്തണമെന്നും ഗുലേറിയ പറഞ്ഞു.
വാരാന്ത്യ ലോക്‌ഡൗണുകളും രാത്രി കർഫ്യൂകളും കൊണ്ടുമാത്രം കോവിഡിനെ പിടിച്ചുകെട്ടാൻ കഴിയില്ലെന്നും കഴിഞ്ഞ വർഷം മാർച്ചിൽ ഏർപ്പെടുത്തിയതുപോലെ സമ്പൂർണ ലോക്ഡൗൺ ചിലയിടങ്ങളിൽ വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഡൽഹിയിലെ ബത്ര ആശുപത്രിയിൽ ഓക്സിജൻ ലഭിക്കാതെ ഡോ. ആർ.കെ. ഹിംതാനി ഉൾപ്പെടെ 12 പേർ മരിച്ചതുതന്നെ നമ്മുടെ ആരോഗ്യസംവിധാനങ്ങൾ പരമാവധി ഉപയോഗപ്പെടുത്തി എന്നതിന്റെ തെളിവാണെന്നും അദ്ദേഹം പറയുന്നു.
കേസുകൾ ഉയരുന്നതിനാലാണ് ഇങ്ങനെ സംഭവിക്കുന്നത്. ഇത്രയും വലിയതോതിൽ കാര്യങ്ങൾ ചെയ്യാൻ ലോകത്ത് ഒരു ആരോഗ്യ സംവിധാനത്തിനും കഴിയില്ല. കേസുകളുടെ എണ്ണം കുറയ്ക്കണം. കണ്ടെയ്‌ൻമെന്റ് സോണുകൾ ഏർപ്പെടുത്തണം. ലോക്‌ഡൗൺ പ്രഖ്യാപിക്കണം. പ്രധാനപ്പെട്ടത് എന്തെങ്കിലും ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. ഉയർന്ന പോസിറ്റിവിറ്റിയുള്ള സ്ഥലങ്ങളിൽ ലോക്‌ഡൗൺ ഏർപ്പെടുത്തണമെന്ന് ഇതു രണ്ടാം തവണയാണ് ഗുലേറിയ ആവശ്യപ്പെടുന്നത്.