തിരുവനന്തപുരം : ക്രൈം ബ്രാഞ്ച് മേധാവി ടോമിന് തച്ചങ്കരിക്ക് ഡി.ജി.പി പദവിയില്‍ സ്ഥാനക്കയറ്റം. അരുണ്‍കുമാര്‍ സിന്‍ഹക്കും ഡി.ജി.പി പദവി നല്‍കും. ഇതുസംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി.
നിലവില്‍ എ.ഡി.ജി.പി തസ്തികയിലാണ് തച്ചങ്കരി. ’86 ബാച്ചിലെ എന്‍. ശങ്കര്‍റെഡ്ഡി വിരമിച്ച ഒഴിവിലാണ് തച്ചങ്കരിക്ക് സ്ഥാനക്കയറ്റം. എസ്.പി.ജി മേധാവിയായി കേന്ദ്ര സര്‍വിസിലാണ് അരുണ്‍കുമാര്‍ സിന്‍ഹ. ഐ.പി.എസിലെ 1987 ബാച്ചുകാരനായ ടോമിന് തച്ചങ്കരിക്ക് മൂന്ന് വര്‍ഷം കൂടി സര്‍വിസ് ബാക്കിയുണ്ട്. പുതിയ തസ്തികയില്‍ നിയമനം വൈകാതെ ഉണ്ടാകും.
അടുത്തവര്‍ഷം ജൂണില്‍ സംസ്ഥാന പോലീസ് മേധാവി പദവിയില്‍നിന്ന് ലോക്നാഥ് ബെഹ്റ വിരമിക്കുമ്പോള്‍ ആ സമയം സംസ്ഥാനത്തെ ഏറ്റവും സീനിയറായ ഐ.പി.എസ് ഉദ്യോഗസ്ഥനായിരിക്കും തച്ചങ്കരി. കോഴിക്കോട്, ആലപ്പുഴ, ഇടുക്കി, എറണാകുളം, പാലക്കാട്, കണ്ണൂര്‍ എന്നിവിടങ്ങളില്‍ ജില്ല പോലീസ് മേധാവിയായിരുന്ന അദ്ദേഹം കണ്ണൂര്‍ റേഞ്ച് ഐ.ജി, ഹെഡ് ക്വാര്‍ട്ടേഴ്സ് എ.ഡി.ജി.പി, ട്രാന്‍സ്പോര്‍ട്ട് കമീഷണര്‍, ഫയര്‍ ഫോഴ്സ് മേധാവി, നിരവധി പൊതുമേഖലാ സ്ഥാപനങ്ങളുടെ തലവന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. കെ.എസ്.ആര്.ടി.സി മുന്‍ മാനേജിങ് ഡയറക്ടറായിരുന്നു.