പത്തനംതിട്ട: പഞ്ചായത്ത് തെരഞ്ഞെടുപ്പുകള്‍ക്ക് മുന്നോടിയായി പാര്‍ട്ടിയെ താഴെത്തട്ടില്‍ സജ്ജമാക്കുക എന്ന ലക്ഷ്യം വെച്ച് കോണ്‍ഗ്രസ് ജില്ലയിലുടനീളം കുടുംബസംഗമങ്ങള്‍ക്ക് തുടക്കം കുറിക്കുന്നു. രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനമായ നാളെ മുതല്‍ ഫെബ്രുവരി 28 വരെയാണ് കുടുംബ സംഗമങ്ങള്‍ നടത്തുന്നത്. പ്രസംഗങ്ങള്‍ ഒഴിവാക്കി ചര്‍ച്ചകള്‍ക്കും വാര്‍ഡിലെ ഭാവി പരിപാടികള്‍ക്കും മുന്‍തൂക്കം നല്‍കിയാണ് കുടുംബസംഗമങ്ങള്‍ നടത്തേണ്ടതെന്ന് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി എല്ലാ ഘടകങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ജില്ലയില്‍ 920 വാര്‍ഡ് കമ്മിറ്റികളാണ് നിലവിലുള്ളത്. ഈ വാര്‍ഡ് കമ്മിറ്റികളാണ് കുടുംബസംഗമങ്ങള്‍ നടത്തേണ്ടത്. കുടുംബ സംഗമങ്ങള്‍ നടത്താന്‍ വ്യക്തമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും ഡി.സി.സി പുറത്തിറക്കിയിട്ടുണ്ട്. ഇതനുസരിച്ച് 100 പേരെയെങ്കിലും സംഗമങ്ങളില്‍ പങ്കെടുപ്പിക്കണം. ആ വാര്‍ഡിലെ പ്രവര്‍ത്തകരെ മാത്രം പങ്കെടുപ്പിച്ചു വേണം സംഗമം നടത്താന്‍. സംഗമങ്ങള്‍ നടത്തുന്ന സ്ഥലത്ത് 50 കൊടികളും തോരണങ്ങളും നോട്ടീസ്, മറ്റ് പ്രചാരണ പരിപാടികള്‍ നടത്തുക തുടങ്ങിയ നിരവധി നിര്‍ദ്ദേശങ്ങളാണ് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി നല്‍കിയിട്ടുള്ളത്.
സമ്മേളനം നടത്തുന്നതിന് മുമ്പ് മഹാത്മാഗാന്ധിയുടെ ഛായാചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തി ഗാന്ധി അനുസ്മരണം കൂടി നടത്തിയതിനുശേഷം വേണം മറ്റു പരിപാടികളിലേക്ക് കടക്കാനെന്നും മാര്‍ഗരേഖയില്‍ പറയുന്നു. പ്രസംഗത്തിന് 10 മിനിറ്റ്, അധ്യക്ഷ പ്രസംഗത്തിന് 15 മിനിറ്റ്, ഉദ്ഘാടനം 30 മിനിറ്റ്, ചര്‍ച്ച 40 മിനിറ്റ് എന്നീ രീതിയില്‍ സമയ ക്രമീകരണവും നല്‍കിയിട്ടുണ്ട്. എല്‍.ഡി.എഫ് സര്‍ക്കാരിന്‍റെ ജനദ്രോഹ നടപടികള്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വികസനമില്ലായ്മയ്ക്ക് കാരണക്കാരായ സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങള്‍, കഴിഞ്ഞ പഞ്ചായത്ത്, മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പിലെ പാളിച്ചകള്‍ തുടങ്ങി പ്രസക്തമായ വിഷയങ്ങള്‍ മാത്രമേ ചര്‍ച്ചകളില്‍ ഉണ്ടാകാവൂ എന്നും മാര്‍ഗരേഖയില്‍ പറയുന്നു. പങ്കെടുക്കുന്നവരുടെ ഫോട്ടോയും മിനിറ്റ്സ് ബുക്കിന്‍റെ കോപ്പിയും സമ്മേളനം കഴിഞ്ഞാല്‍ ഉടന്‍തന്നെ ഡി.സി.സി ക്ക് നല്‍കണമെന്നും നിര്‍ദ്ദേശമുണ്ട്. നാളെ വൈകിട്ട് 4 മണിക്ക് മുണ്ടുകോട്ടയ്ക്കലില്‍ ജില്ലാതല ഉദ്ഘാടനം കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതിയംഗം പ്രൊഫ. പി.ജെ. കുര്യന്‍ ഉദ്ഘാടനം ചെയ്യും. ഡി.സി.സി പ്രസിഡന്‍റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ അദ്ധ്യക്ഷത വഹിക്കും. ഡി.സി.സി വൈസ് പ്രസിഡന്‍റ് അഡ്വ. എ. സുരേഷ് കുമാര്‍ ചെയര്‍മാന്‍, ജനറല്‍ സെക്രട്ടറി സാമുവല്‍ കിഴക്കുപുറം കണ്‍വീനര്‍ എന്നിവരടങ്ങുന്ന സംഘാടക സമിതി കുടുംബ സംഗമത്തിന് നേതൃത്വം നല്‍കും.