തിരുവനന്തപുരം : സ്റ്റോക്ക് മാർക്കറ്റിൽ ട്രേഡിംഗ് നടത്താനെന്ന പേരിൽ പണം വാങ്ങി തട്ടിപ്പ് നടത്തിയെന്ന കേസിൽ ഒളിവിലായിരുന്ന പാറശ്ശാല പരശിവാക്കൽ ട്രാവൻകൂർ സ്റ്റോക്ക് ബ്രോക്കിംഗ് പ്രൈവറ്റ് ലിമിറ്റഡിന്റെ (Travancore Stock Broking Private Limited) മാനേജിംഗ് ഡയറക്ടറും ഒന്നാം പ്രതിയുമായ പ്രജീഷ് കുമാർ ഫ്രാൻസിനെ പാറശ്ശാല പോലീസ് അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. പ്രജീഷ് കുമാർ ഫ്രാൻസിന്റെ ഭാര്യ റിൻ്റു ഒളിവിലാണെന്നാണ് പോലീസ് പറയുന്നത്. ഇവര്‍ കമ്പനിയുടെ ഡയറക്ടറും ലീഗൽ അഡ്വൈസറുമാണ്.
2018 ൽ എറണാകുളം ROC യിൽ രജിസ്റ്റർ ചെയ്‌തതാണ് Travancore Stock Broking Private Limited. കരാറുണ്ടാക്കി വൻ തുക ലാഭം വാഗ്ദാനം ചെയ്ത് ട്രേഡിംഗിന്റെ പേരിൽ ആളുകളിൽ നിന്ന് കോടികൾ കൈപ്പറ്റിയെങ്കിലും കരാർ പ്രകാരമുള്ള ലാഭവിഹിതമോ വാങ്ങിയ പണമോ മടക്കി നൽകിയില്ല. ഇതിനെതിരെ നിക്ഷേപകർ നൽകിയ പരാതിയിൽ പാറശാല പോലീസ് അലംഭാവം കാണിക്കുകയായിരുന്നു. ഇതേത്തുടർന്ന് പണം നഷ്ടപ്പെട്ടവർ മുഖ്യമന്ത്രിക്ക് പരാതി നൽകി. ഇതിന് പിന്നാലെയാണ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. IPC 1860/ 406, 420, 34 വകുപ്പുകൾ പ്രകാരമാണ് പോലീസ് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുള്ളത്.