കുമ്പഴ : കുമ്പഴ ജംഗ്ഷനില്‍ സ്ഥാപിക്കുന്ന ട്രാഫിക് സിഗ്നല്‍ ലൈറ്റുകള്‍ ഹൈവേയുടെ മധ്യഭാഗത്ത് സ്ഥാപിക്കുവാനുള്ള നീക്കം ഉപേക്ഷിക്കണമെന്നും ആറന്മുള എം.എല്‍.എ അബിന്‍ വര്‍ക്കി നിര്‍ദ്ദേശിച്ചത് പ്രകാരം ജംഗ്ഷനിലെ നാല് റോഡുകളിലായി ഡിജിറ്റല്‍ ഡിസ്പ്ലേയുള്ള സിഗ്നല്‍ സംവിധാനം സ്ഥാപിക്കണമെന്നും കുമ്പഴ വികസന സമിതിയും വ്യാപാരി വ്യവസായി ഏകോപന സമിതിയും ആവശ്യപ്പെട്ടു. ഉദ്യോഗസ്ഥരുടെ തുഗ്ലക്ക് പരിഷ്കാരങ്ങള്‍ ജനങ്ങളുടെമേല്‍ അടിച്ചേല്‍പ്പിക്കുവാന്‍ ശ്രമിച്ചാല്‍ ശക്തമായ പ്രതിഷേധവുമായി മുന്നിട്ടിറങ്ങുമെന്നും റോഡിന്റെ മധ്യഭാഗത്ത് ലൈറ്റുകള്‍ സ്ഥാപിക്കുവാന്‍ അനുവദിക്കില്ലെന്നും കുമ്പഴ വികസന സമിതി ചെയര്‍മാന്‍ റജി മൂലമുറിയില്‍, പത്തനംതിട്ട നഗരസഭാ കൌണ്‍സിലര്‍ കെ.ആര്‍. അരവിന്ദാക്ഷന്‍ നായര്‍, വ്യാപാരി വ്യവസായി ഏകോപന സമിതി പത്തനംതിട്ട മുനിസിപ്പല്‍ യൂണിറ്റ് വൈസ് പ്രസിഡന്റ് പ്രകാശ് ഇഞ്ചത്താനം, സെക്രട്ടറി സജി എം.ജോര്‍ജ്ജ് എന്നിവര്‍ പറഞ്ഞു.
തിരക്കേറിയ കുമ്പഴ ജംഗ്ഷനിലെ വാഹനാപകടങ്ങള്‍ക്ക് പരിഹാരം കാണുവാന്‍ ആറന്മുള എം.എല്‍.എ അബിന്‍ വര്‍ക്കി പ്രത്യേക താല്‍പ്പര്യമെടുത്താണ് ആധുനിക ട്രാഫിക് സിഗ്നല്‍ ലൈറ്റുകള്‍ സ്ഥാപിക്കുന്നത്. ഹൈവേയുടെ മധ്യഭാഗത്ത് സിഗ്നല്‍ ലൈറ്റുകള്‍ സ്ഥാപിക്കുവാന്‍ പത്തനംതിട്ട ആര്‍.ടി.ഓ ആണ് രൂപരേഖ തയ്യാറാക്കി നല്‍കിയത്. ഇത് പ്രകാരമുള്ള സാധനസാമഗ്രികള്‍ കുമ്പഴയില്‍ ഇറക്കിക്കഴിഞ്ഞു. ഓണാവധി കഴിഞ്ഞാലുടന്‍ പണി തുടങ്ങുമെന്നാണ് പറഞ്ഞിരിക്കുന്നത്. കെ.എസ്.ടി.പിയുടെ കീഴിലുള്ളതാണ് പുനലൂർ – മൂവാറ്റുപുഴ സംസ്ഥാന പാത. ഈ പാതയില്‍ സിഗ്നല്‍ ലൈറ്റുകളും ഹൈമാസ്റ്റ് ലൈറ്റുകളും റോഡിന്റെ മധ്യഭാഗത്ത് സ്ഥാപിക്കുവാന്‍ അനുവാദമില്ലെന്നിരിക്കെയാണ് കുമ്പഴയില്‍ റോഡിന്റെ മധ്യഭാഗത്ത് ട്രാഫിക് സിഗ്നല്‍ ലൈറ്റുകള്‍ സ്ഥാപിക്കുവാന്‍ പത്തനംതിട്ട ആര്‍.ടി.ഓ നീങ്ങിയത്. ഇതിനെതിരെയാണ് കുമ്പഴ വികസന സമിതിയും വ്യാപാരികളും പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്. കുമ്പഴയിലെ ബസ് സ്റ്റോപ്പുകള്‍ ജംഗ്ഷനില്‍ നിന്നും നിശ്ചിത ദൂരം മാറ്റി സ്ഥാപിക്കുവാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു.





























