പാലക്കാട് : വാണിയംകുളം-മാന്നനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ അപ്പ് ലൈനില്‍ ക്രെയിന്‍ കുടുങ്ങി. ഏകദേശം ഏഴ് മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. മേല്‍പ്പാലത്തിന്റെ ഗര്‍ഡര്‍ സ്ഥാപിക്കുന്നതിനിടെയായിരുന്നു സംഭവം. മാന്നനൂര്‍ റെയില്‍വേ സ്റ്റേഷന്‍ വഴിയുള്ള ട്രെയിന്‍ ഗതാഗതമാണ് തടസപ്പെട്ടത്. എറണാകുളത്ത് നിന്നുള്ള ടെക്‌നീഷ്യന്‍ സ്ഥലത്തെത്തി ക്രെയിനിന്റെ തകരാര്‍ പരിഹരിച്ചു. ഏഴ് മണിക്കൂറിന് ശേഷം വൈകുന്നേരം 4.45നാണ് പ്രശ്‌നം പരിഹരിച്ച് ഇതുവഴിയുള്ള ട്രെയിന്‍ ഗതാഗതം പുന:സ്ഥാപിച്ചത്.
ഉച്ചയോടെ സർവീസുകളുടെ എണ്ണം കൂടിയ സമയത്താണ് പ്രശ്നം രൂക്ഷമായത്. രാവിലെ പത്തോടെ തകരാർ സംഭവിച്ചെങ്കിലും ഈ സമയത്തു താരതമ്യേന ട്രെയിനുകൾ കുറവായതിനാൽ ഗതാഗതത്തെ കാര്യമായി ബാധിച്ചില്ല. അപ്‌ലൈൻ വഴി പാലക്കാട് ഭാഗത്തേക്കു പോകേണ്ട ട്രെയിനുകൾ ഡൗൺലൈൻ വഴിയാണു തിരിച്ചുവിട്ടത്. ഇതു ഷൊർണൂർ, തൃശൂർ ഭാഗങ്ങളിലേക്കുള്ള ഗതാഗതത്തെ തടസ്സപ്പെടുത്തി.