പാലക്കാട് : തീവണ്ടിയിൽ രേഖകളില്ലാതെ കടത്തുകയായിരുന്ന 31.660 കിലോഗ്രാം വെള്ളി ആഭരണങ്ങൾ പിടികൂടി. റെയിൽവേ പോലീസ് ക്രൈം ഇന്റലിജൻസ് വിഭാഗത്തിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയ്ക്കിടെയാണ് യാത്രക്കാരന്റെ കൈവശം ആഭരണങ്ങൾ കണ്ടെത്തിയത്. പിടികൂടിയ ആഭരണങ്ങൾക്ക് 22,80,000 രൂപ വിലവരും. തൃശ്ശൂർ അക്കിക്കാവ് കരിക്കാട് എം.എം ഷെയ്ക്ക് മുഹമ്മദിന്റെ പക്കൽനിന്നാണ് ഇവ കണ്ടെടുത്തതെന്ന് അധികൃതർ പറഞ്ഞു.
ഞായറാഴ്ച രാവിലെ പാലക്കാട്ടെത്തിയ പട്ന – എറണാകുളം എക്സ്പ്രസ്സിലെ യാത്രക്കാരനായിരുന്നു ഷെയ്ക്ക് മുഹമ്മദ്. സേലത്തുനിന്ന് തൃശ്ശൂർ, കുന്നംകുളം ഭാഗത്തേക്കുള്ളതായിരുന്നു ആഭരണങ്ങളെന്ന് വിവരം ലഭിച്ചു. പിടിച്ചെടുത്ത സാധനങ്ങൾ ചരക്ക് സേവനനികുതി വകുപ്പിന് കൈമാറി. സി.ഐ രോഹിത് കുമാർ, എ.എസ്.ഐ. സജി അഗസ്റ്റിൻ, കെ.സജു, കോൺസ്റ്റബിൾമാരായ അബ്ദുൾ സത്താർ, ഒ.കെ അജീഷ്, എൻ. അശോക്, വി.സവിൻ എന്നിവരാണ് പരിശോധനയിൽ പങ്കെടുത്തത്.