ന്യൂഡല്‍ഹി : ട്രെയിന്‍ സര്‍വിസുകള്‍ അനിശ്ചിതകാലത്തേക്ക് നിര്‍ത്തിവെച്ച് ഇന്ത്യന്‍ റെയില്‍വേ. നേരത്തെ ആഗസ്റ്റ് 12 വരെയായിരുന്നു സര്‍വിസ് റദ്ദാക്കിയിരുന്നത്. എന്നാല്‍ പുതിയ ഉത്തരവില്‍ ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ സര്‍വിസ് ഉണ്ടാവില്ലെന്നാണ് റെയില്‍വേ വ്യക്തമാക്കുന്നത്. നിലവിലുള്ള 230 സ്പെഷ്യല്‍ ട്രെയിനുകളുടെ സര്‍വിസ് തുടരും. മഹാരാഷ്ട്ര സര്‍ക്കാറിന്റെ നിര്‍ദേശപ്രകാരം സര്‍വിസ് നടത്തുത്ത മുംബൈ ലോക്കല്‍ ട്രെയിനിന്റെ സര്‍വിസും ഉണ്ടാവും. സബര്‍ബന്‍ ട്രെയിനുകളുടെ സര്‍വിസ് ഉണ്ടാവില്ലെന്നും റെയില്‍വേ അറിയിച്ചു.
മെയ് ഒന്ന് മുതല്‍ ജൂലൈ ഒന്‍പത് വരെ 4,165 ശ്രമിക് ട്രെയിനുകള്‍ സര്‍വിസ് നടത്തിയെന്നും ഇതില്‍ 61 ലക്ഷം യാത്രക്കാരുണ്ടായിരുന്നുവെന്നും റെയില്‍വേ അറിയിച്ചു. മാര്‍ച്ച് 25ന് രാജ്യവ്യാപകമായി ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് റെയില്‍വേ ട്രെയിനുകളുടെ സര്‍വിസ് നിര്‍ത്തിയത്.