അമ്പലപ്പുഴ : ശ്രീകൃഷ്ണസ്വാമീക്ഷേത്രത്തിലെ ഇക്കൊല്ലത്തെ പന്ത്രണ്ടുകളഭമഹോത്സവം തിരുവിതാംകൂർ ദേവസ്വം ബോർഡ് നേരിട്ടുനടത്തും. അമ്പലപ്പുഴ ദേവസ്വം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ, അസിസ്റ്റന്റ് ദേവസ്വം കമ്മിഷണർ എന്നിവരുടെ മുഖ്യചുമതലയിലാകും പന്ത്രണ്ടുകളഭമഹോത്സവ നടത്തിപ്പ്. സ്പെഷ്യൽ ഓഫീസറായി ഹൈക്കോടതി ഓഡിറ്റ് വിഭാഗം ഡെപ്യൂട്ടി ദേവസ്വം കമ്മിഷണറെ നിയോഗിക്കാനും തിരുവനന്തപുരത്ത് ദേവസ്വം ബോർഡ് ആസ്ഥാനത്തുനടന്ന യോഗം തീരുമാനിച്ചു. ഉപദേശകസമിതിയംഗങ്ങൾ തമ്മിലുള്ള തർക്കം ചർച്ചയിലൂടെ പരിഹരിക്കാനാകാതെ വന്ന സാഹചര്യത്തിലാണ് ദേവസ്വം ബോർഡിന്റെ നടപടി.
തർക്കത്തെത്തുടർന്ന് ഉപദേശകസമിതി പ്രസിഡന്റും സെക്രട്ടറിയും രാജിവെച്ചിരുന്നു. തുടർന്ന്, താത്‌കാലിക സംവിധാനമായി വൈസ് പ്രസിഡന്റിനു പ്രസിഡന്റിന്റെയും ആക്ടിങ് സെക്രട്ടറിക്കു സെക്രട്ടറിയുടെയും ചുമതലനൽകി കഴിഞ്ഞ 31-ന് ദേവസ്വം ഡെപ്യൂട്ടി കമ്മിഷണർ ഉത്തരവിറക്കി. ഇതിനെ എതിർത്തുകൊണ്ട് 13 അംഗ ഉപദേശകസമിതിയിലെ പത്തുപേരും രംഗത്തിറങ്ങി. ഇവർ തിരുവനന്തപുരത്ത് ദേവസ്വം അധികാരികളെക്കണ്ട് പരാതിനൽകിയതിനെത്തുടർന്നാണ് തിങ്കളാഴ്ച ബോർഡ് യോഗം വിളിച്ചത്. അംഗങ്ങൾ തമ്മിലുണ്ടായ അഭിപ്രായവ്യത്യാസം പരിഹരിക്കാൻ യോഗത്തിൽ ശ്രമമുണ്ടായെങ്കിലും പരാജയപ്പെടുകയായിരുന്നു. തുടർന്നാണ് പന്ത്രണ്ടുകളഭമഹോത്സവം മുടക്കം വരുത്താതെ ഭംഗിയായി ബോർഡ് നേരിട്ടുനടത്താൻ യോഗം തീരുമാനിച്ചത്.
ഉപദേശകസമിതിയുടെ പ്രവർത്തനം സംബന്ധിച്ച് കളഭമഹോത്സവത്തിനുശേഷം ദേവസ്വം ബോർഡ് ഉചിതമായ തീരുമാനമെടുക്കും. താത്‌കാലികസംവിധാനമൊരുക്കിയ ദേവസ്വം ഡെപ്യൂട്ടി കമ്മിഷണറുടെ ഉത്തരവ് റദ്ദാക്കാനും യോഗം തീരുമാനിച്ചു. ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് അധ്യക്ഷത വഹിച്ചു.
അംഗങ്ങളായ എ. അജികുമാർ, ജി. സുന്ദരേശൻ, ബോർഡ് സെക്രട്ടറി എസ്. ബിന്ദു, ഡെപ്യൂട്ടി ദേവസ്വം കമ്മിഷണർ ഇന്ദുകുമാരി, അസിസ്റ്റന്റ് ദേവസ്വം കമ്മിഷണർ (ലീഗൽ അഫയേഴ്‌സ്) ശകുന്തളകുമാരി, അമ്പലപ്പുഴ അസിസ്റ്റന്റ് ദേവസ്വം കമ്മിഷണർ എസ്. വിമൽകുമാർ, ദേവസ്വം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ പി. ജയലക്ഷ്മി, ഉപദേശകസമിതിയിലെ 12 അംഗങ്ങൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.