ചെങ്ങന്നൂര്‍ : ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തുന്ന അയ്യപ്പന്മാര്‍ക്ക് പമ്പയിലേക്ക് പോകാനുള്ള കെ.എസ്.ആര്‍.ടി.സി ബസ്സുകളുടെ കുറവ് ഭക്തരെ വലയ്ക്കുന്നു. കൂടാതെ ചെങ്ങന്നൂരില്‍ നിന്ന് പമ്പയിലേക്ക് പോകുന്ന ബസ്സുകള്‍ തിരിച്ച് ചെങ്ങന്നൂരിലേക്ക് അയക്കാതെ നിലയ്ക്കല്‍ – പമ്പ ചെയിന്‍ സര്‍വീസുകള്‍ക്ക് ഉപയോഗിക്കുന്നതും ചെങ്ങന്നൂരില്‍ നിന്നുമുള്ള യാത്രക്ക് ബുദ്ധിമുട്ട് വര്‍ധിപ്പിക്കുന്നു. ഇവിടെ എത്തുന്ന ഭക്തര്‍ മണിക്കൂറുകളോളം ബസ്സിനായി കാത്തുനില്‍ക്കേണ്ട അവസ്ഥയാണ് ഇപ്പോള്‍.
ചെങ്ങന്നൂരിലെ ബസ്സുകളുടെ കുറവുമൂലം പത്തനംതിട്ടയില്‍ നിന്നും കെ.എസ്.ആര്‍.ടി.സി ബസ്സുകള്‍ ഇവിടെ എത്തിച്ചാണ് സര്‍വീസുകള്‍ നടത്തുന്നത്. പമ്പയിലേക്ക് സ്പെഷ്യല്‍ സര്‍വീസ് നടത്തുന്ന ചെങ്ങന്നൂര്‍ കെ.എസ്.ആര്‍.ടി.സിയിലെ സൂപ്പര്‍വൈസര്‍ ഉള്‍പ്പടെയുള്ള ഉദ്യോഗസ്ഥരുടെ അലംഭാവം മൂലം ചെങ്ങന്നൂര്‍ ഡിപ്പോയില്‍ ലഭിക്കേണ്ട വരുമാനം കുറയുകയും ചെയ്യുന്നു. കൂടാതെ ഇവിടെ ആദ്യം എത്തുന്ന ബസ്സില്‍ കയറാന്‍ സ്വാമിമാരുടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.