തിരുവനന്തപുരം: വഞ്ചിയൂര്‍ ട്രഷറിയില്‍ നിന്ന് കോടികള്‍ തട്ടിയ കേസിലെ പ്രതി ബിജുലാല്‍ കൂടുതല്‍ പണം തിരിമറി നടത്തി സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയതായി അന്വേഷണസംഘം. സംഭവത്തില്‍ ബിജുവിന്റെ ഭാര്യ സിമിയ്ക്കും പങ്കുണ്ടെന്ന് സംശയിക്കുന്നു.
തട്ടിപ്പ് നടത്തിയെടുത്ത പണം ബിജുലാല്‍ ആദ്യം ട്രഷറി അക്കൗണ്ടുകളിലേക്ക് മാറ്റി. അതിന് ശേഷമാണ് സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയത്. ആദ്യം ട്രഷറി അക്കൗണ്ടിലേക്കാണ് പണം മാറ്റുന്നത് എന്നതിനാല്‍ അന്ന് തട്ടിപ്പ് കണ്ടെത്തിയില്ല. ബിജുലാലിനെ വഞ്ചിയൂര്‍ സബ് ട്രഷറിയിലും ജില്ലാ ട്രഷറിയിലും എത്തിച്ച് തെളിവെടുത്തു. ഒളിവില്‍ പോകുന്നതിന് മുമ്പ് ബിജുലാല്‍ ഉപേക്ഷിച്ച ചില രേഖകളും വഞ്ചിയൂര്‍ ട്രഷറിക്ക് സമീപത്ത് നിന്ന് കണ്ടെത്തി.
കരമനയിലെ വീട്ടിലും വഴയിലയിലെ സഹോദരിയുടെ വീട്ടിലും ബിജുലാലിനെ എത്തിച്ചു. ഇവിടെ നിന്നും കണ്ടെത്തിയ ചില രേഖകളില്‍ തട്ടിപ്പിനെ സംബന്ധിച്ച് കൂടുതല്‍ തെളിവുകള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. സിമിയുടെ ട്രഷറി അക്കൗണ്ടിലും പൂവാര്‍ ഫെഡറല്‍ബാങ്ക് അക്കൗണ്ടിലുമാണ് തട്ടിപ്പിലൂടെ സ്വന്തമാക്കിയ പണം ബിജുലാല്‍ നിക്ഷേപിച്ചിരുന്നത്.
പണമിടപാട് സംബന്ധിച്ച് ബാങ്കില്‍നിന്ന് അയച്ചിരുന്ന എസ്.എം.എസ് സന്ദേശങ്ങള്‍ സിമിയുടെ മൊബൈലിലേക്കാണോ ലഭിച്ചിരുന്നതെന്ന് കണ്ടെത്തേണ്ടതുണ്ട്. ബിജുലാലിന്റെ കാറും സ്വര്‍ണാഭരണങ്ങളും ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി എം.ജെ. സുല്‍ഫിക്കറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പിടിച്ചെടുത്തിട്ടുണ്ട്. തെളിവെടുപ്പ് പൂര്‍ത്തിയായതോടെ ബിജുലാലിനെ വ്യാഴാഴ്ച കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.