തിരുവനന്തപുരം : ട്രഷറി തട്ടിപ്പ് കേസിൽ ബിജുലാലിന്‍റെ ഭാര്യ സിമിയുടെ മൊഴി അന്വേഷണ സംഘം ഇന്ന് രേഖപ്പെടുത്തും. കേസിൽ രണ്ടാം പ്രതിയാണ് സിമിയെങ്കിലും അറസ്റ്റ് ചെയ്തിട്ടില്ല. അതേസമയം ഒന്നാം പ്രതി ബിജുലാലിനെ കസ്റ്റഡിയിൽ കിട്ടാൻ അന്വേഷണ സംഘം ഉടൻ അപേക്ഷ നൽകും.
വഞ്ചിയൂർ സബ് ട്രഷറിയിൽ നിന്ന് 2 കോടി രൂപ തട്ടിയെടുത്ത ബിജുലാൽ ഇതിൽ കുറച്ച് തുക ഭാര്യയുടെ ട്രഷറി, സ്വകാര്യ അക്കൗണ്ടുകളിൽ നിക്ഷേപിച്ചിരുന്നു. അതുപോലെ എപ്രിൽ, മെയ് മാസങ്ങളിൽ അപഹരിച്ച പണം കൊണ്ട് ഭാര്യയ്ക്ക് സ്വർണ്ണവും സഹോദരിക്ക് സ്ഥലം വാങ്ങാൻ അഡ്വാൻസും നൽകി. ബാക്കിയുള്ളത് ഓൺലൈൻ റമ്മി കളിച്ച് തീർത്തു.
ഇക്കാര്യങ്ങൾ ചോദിച്ചറിയുന്നതിനാണ് ഭാര്യ സിമിയുടെയും സഹോദരിയുടെയും മൊഴി അന്വേഷണ സംഘം എടുക്കുന്നത്. മൊഴിയുടെ അടിസ്ഥാനത്തിലാകും അറസ്റ്റിലേക്ക് നീങ്ങുക. താൻ തെറ്റുകാരി അല്ലെന്ന ശബ്ദ സന്ദേശം സിമി പുറത്തുവിട്ടിരുന്നു. തട്ടിപ്പിൽ മറ്റ് ഉദ്യോഗസ്ഥർക്ക് പങ്കുണ്ടോയെന്ന അന്വേഷണത്തിലാണ് പോലീസ്. ഇന്നലെയും ട്രഷറി ഡയറക്ടറേറ്റിൽ പരിശോധന നടത്തി.