റാന്നി : വര്‍ഷങ്ങളായി യാത്രക്കാര്‍ക്കും നാട്ടുകാര്‍ക്കും തണലേകി വന്ന ആല്‍മരം മുറിച്ചു നീക്കി. റാന്നി ബ്ലോക്കുപടി ജംങ്ഷനില്‍ ഉണ്ടായിരുന്ന മരമാണ് മുറിച്ചത്. പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാനപാതയുടെ വികസനവുമായി ബന്ധപ്പെട്ടാണ് മരം മുറിച്ചത്. കോഴഞ്ചേരി ഭാഗത്തേക്കു പോകുന്നവര്‍ക്ക് വഴികാട്ടിയായും അടയാളവുമായി നിന്നിരുന്ന മരമാണ് വെട്ടിയത്. ബസ് കാത്തിരുപ്പു കേന്ദ്രം ഉണ്ടായിരുന്നെങ്കിലും യാത്രക്കാര്‍ ബസ് കയറാനായി കാത്തുനിന്നിരുന്നത് ഈ ആല്‍മരത്തിന് കീഴിലായിരുന്നു.
വെട്ടി നീക്കിയ മരത്തിന് പകരം മരം വെച്ചു പിടിപ്പിക്കാന്‍ സംവിധാനമൊരുക്കിട്ടില്ലെന്ന് നാട്ടുകാര്‍ ആരോപണം ഉന്നയിച്ചു. റോഡ് വീതി കൂട്ടി വന്നപ്പോള്‍ ഈ ആല്‍മരം മധ്യത്തിലായിട്ടാണ് വന്നത്. മരം വെട്ടി മാറ്റിയതില്‍ പ്രാദേശികമായി നാട്ടുകാര്‍ക്ക് എതിര്‍പ്പുള്ളതായി പറയുന്നു. തണല്‍മരമായിരുന്ന ആല്‍ മുറിച്ചു മാറ്റാതെ തന്നെ ഗതാഗതം സാധ്യമാകുമായിരുന്നതായി ഇക്കൂട്ടര്‍ ചൂണ്ടിക്കാട്ടുന്നു.





























