കോഴിക്കോട്: ആദിവാസി സ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തിയ കോഴിക്കോട് കട്ടിപ്പാറ കാക്കണഞ്ചേരി ആദിവാസി കോളനിയിൽ മുൻപുണ്ടായ ദുരൂഹമരണങ്ങളിൽ പുനരന്വേഷണം വേണമെന്ന് ആവശ്യമുയരുന്നു. ഏഴുപേരാണ് മുന്‍പ് കോളനിയിൽ ദുരൂഹസാഹചര്യത്തിൽ മരിച്ചത്. ഇതിൽ ആറും അസ്വാഭാവിക മരണങ്ങളെന്ന് എഴുതിത്തള്ളുകയായിരുന്നു പൊലീസ്.കാക്കണഞ്ചേരി ആദിവാസി കോളനിയിലെ ലീലയെ കാണാതായി 17 ദിവസത്തിനുശേഷമാണ് മൃതദേഹം കണ്ടെത്തിയത്.
പിന്നീട് നടത്തിയ അന്വേഷണത്തിൽ കൊലപാതകമാണെന്ന് വ്യക്തമായി. ലീലയുടെ സഹോദരി ഭർത്താവും മകൻ രോണു കൊല്ലപ്പെട്ട കേസിലെ പ്രതിയുമായ രാജനാണ് ഈ കേസിലും പ്രതിസ്ഥാനത്തുള്ളത്. ഇതിനുമുൻപ് ആറുപേർ കൂടി കോളനിയിൽ ദുരൂഹസാഹചര്യത്തിൽ മരിച്ചിരുന്നു. 2010നുമുൻപാണ് കൃഷ്ണൻ, സുര, ഓണൻ, ശാന്ത എന്നിവരെ കോളനിയിൽനിന്ന് കാണാതാവുകയും പിന്നീട് മരിച്ച നിലയിൽ കണ്ടെത്തുകയും ചെയ്തത്.
ലീലയുടെ സഹോദരൻ സജീവൻ 2012ൽ മരിച്ചു. കാണാതായ സജീവന്‍റെ മൃതദേഹം ജീർണ്ണിച്ച അവസ്ഥയിലാണ് മാസങ്ങൾക്കുശേഷം കണ്ടെത്തിയത്. 2014ൽ മരിച്ച സരോജിനിയുടെ മരണത്തിലെ ദുരൂഹതയും പോലീസ് അന്വേഷിച്ചില്ല. വീട്ടിലെ ജനൽകമ്പിയിൽ കെട്ടിത്തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. സരോജിനിയുടെ മകൾ സീതയെ വീട്ടിനുള്ളിൽ മരിച്ച നിലയിലാണ് കണ്ടെത്തിയത്.