തൃശ്ശൂര്‍ : രാത്രി വാതില്‍ ചവിട്ടിത്തുറന്ന് വീട്ടില്‍ കയറിയ മോഷ്ടാക്കള്‍ ഉറക്കത്തിലായിരുന്ന യുവതിയെ ആക്രമിച്ച് സ്വര്‍ണാഭരണം കവര്‍ന്നു. ഏങ്ങണ്ടിയൂര്‍ പുളിഞ്ചോട് നെടിയേടത്ത് ഗിരിജയുടെ വീട്ടില്‍ പുലര്‍ച്ചെ ഒന്നോടെയായിരുന്നു സംഭവം. വാതില്‍ ചവിട്ടിത്തുറന്ന് അകത്തു കടന്ന മൂന്നംഗ സംഘമാണ് ആക്രമിച്ച് മോഷണം നടത്തിയതെന്ന് വീട്ടുകാര്‍ പറഞ്ഞു. ഗിരിജയുടെ മകള്‍ രമ്യ (33) അണിഞ്ഞിരുന്ന മാല ബലപ്രയോഗത്തിലൂടെ പൊട്ടിക്കാന്‍ ശ്രമിച്ചെങ്കിലും പെട്ടെന്ന് ഉണര്‍ന്ന രമ്യ അത് തടയുകയായിരുന്നുവെന്ന് വ്യക്തമാക്കി.
എന്നാല്‍ മാല പൊട്ടിച്ചെടുക്കാന്‍ കഴിയാതെ വന്നതോടെ രമ്യയുടെ കാലിലെ ഒന്നര പവന്‍ പാദസരം പൊട്ടിച്ചെടുത്ത് മോഷ്ടാക്കള്‍ കടന്നു കളഞ്ഞു, കവര്‍ച്ചക്കാര്‍ മുഖം മറച്ചും കൈയില്‍ മാരകായുധങ്ങളുമായാണ് എത്തിയതെന്ന് വീട്ടുകാര്‍ പറഞ്ഞു. വീട്ടില്‍ ഉണ്ടായിരുന്ന സൈക്കിളും മോഷ്ടാക്കള്‍ കൊണ്ടുപോയി. ഗിരിജയും മകള്‍ രമ്യയും രമ്യയുടെ അഞ്ച് വയസുള്ള മകനും മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്.
ഉടന്‍ തന്നെ വാടാനപ്പിള്ളി പോലീസ് സംഘം സ്ഥലത്തെത്തി ഡോഗ് സ്‌ക്വാഡിന്റെ സഹായത്തോടെ പരിശോധന നടത്തി. ഇരിങ്ങാലക്കുട ഡിവൈ.എസ്.പി ഫെയ്മസ് വര്‍ഗീസ്, സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി എം.കെ. ഗോപാലകൃഷ്ണന്‍, വാടാനപ്പിള്ളി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പി.ആര്‍. ബിജോയ് എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് സംഘവും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.