തൃശൂര്‍ : തൃശൂര്‍ പൂരം നടത്തിപ്പ് ചര്‍ച്ച ചെയ്യുന്നതിനായി ജില്ലാ ഭരണകൂടം വിളിച്ച യോഗം ഇന്ന്. പൂരം പ്രദര്‍ശനവും പൂരത്തിന്റെ ചടങ്ങുകളും മുന്‍ വര്‍ഷങ്ങളിലേതു പോലെ നടത്താന്‍ അനുമതി ആവശ്യപ്പെട്ട് പൂരത്തില്‍ പങ്കാളികളാകുന്ന ദേവസ്വങ്ങള്‍ പ്രമേയം പാസാക്കി. പൂരം പ്രദര്‍ശനത്തില്‍ നിന്ന് ലഭിക്കുന്ന വരുമാനത്തില്‍ നിന്നുമാണ് തൃശൂര്‍ പൂരത്തിന്റെ ചിലവ് കണ്ടെത്തുക. എന്നാല്‍ ആളുകളുടെ എണ്ണം കൂടുമെന്ന് ചൂണ്ടിക്കാണിച്ച് ഇത്തവണ പൂരം പ്രദര്‍ശനത്തിന് ജില്ലാ ഭരണകൂടം ഇതുവരെ അനുമതി നല്‍കിയിട്ടില്ല. പൂരം നടത്തിപ്പ് പ്രതിസന്ധിയിലാണ്. തിരുവമ്പാടി പാറമേക്കാവ് ദേവസ്വങ്ങളും ഏട്ട് ഘടക ക്ഷേത്രങ്ങളും പൂരം നടത്തിപ്പിന്റെ കാര്യത്തില്‍ ഒറ്റ അഭിപ്രായത്തില്‍ ഉറച്ചു നില്‍ക്കുകയാണ്.
തൃശൂരിന്റെ വികാരം ജില്ലാ ഭരണകൂടം ഉദ്യോഗസ്ഥര്‍ തിരിച്ചറിയണമെന്നാണ് ദേശക്കാര്‍ പറയുന്നത്. 15 ആനകള്‍ വീതം പ്രധാന എഴുന്നള്ളിപ്പിന് വേണമെന്ന ആവശ്യത്തിലും ദേവസ്വങ്ങള്‍ ഉറച്ച് നില്‍ക്കുന്നു. കൊവിഡ് സാഹചര്യത്തില്‍ സര്‍ക്കാര്‍ തീരുമാനിക്കട്ടെ എന്നായിരുന്നു ഉദ്യോഗസ്ഥരുടെ നിലപാട്. എന്നാല്‍ ആയിരങ്ങളെ അണി നിരത്തുന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ സമ്മേളനങ്ങള്‍ക്ക് യാതൊരു തടസവുമില്ലെന്നും ദേശക്കാര്‍ ചൂണ്ടിക്കാണിക്കുന്നു. പൂരം പതിവുപോലെ നടത്താനുള്ള അനുമതി നല്‍കിയില്ലെങ്കില്‍ ശക്തമായ പ്രതിഷേധങ്ങള്‍ക്കാകും പൂര നഗരി സാക്ഷിയാവുക.