തൃശൂര്‍ : മഴ ശക്തമായതോടെ തൃശൂര്‍ പൂരത്തില്‍ ഘടകപൂരങ്ങളുടെ രാത്രി എഴുന്നെള്ളിപ്പ് താളം തെറ്റി. ഘടകപൂരങ്ങളില്‍ പലര്‍ക്കും മേളം പൂര്‍ത്തിയാക്കാനിയില്ല. നേരത്തെയെത്തി മടങ്ങുന്ന കണിമംഗലത്തിന് മാത്രമാണ് മേളം പൂര്‍ത്തിയാക്കാനായത്. എങ്കിലും ഇടവിട്ട് പെയ്ത മഴ എഴുന്നെള്ളിപ്പിനെ ബാധിച്ചിരുന്നു. പകല്‍ പൂരങ്ങള്‍ മഴയില്ലാതെ അവസാനിച്ചെങ്കിലും കുടമാറ്റത്തിന്റെ അവസാനം മഴയിലായിരുന്നു. രാത്രി പൂരം ഘടകക്ഷേത്രങ്ങള്‍ ആരംഭിച്ചെങ്കിലും പാതിവഴിയില്‍ മഴയെത്തിയത് ദുരിതത്തിലാക്കി.
ലാലൂര്‍ കാര്‍ത്യായനി ഭഗവതിയുടെയും അയ്യന്തോള്‍ ഭഗവതിയുടെയും മേളവും പാതിവഴിയില്‍ അവസാനിപ്പിച്ചു. തുടര്‍ന്ന് വലംതലകൊട്ടി വടക്കംനാഥനെ പ്രദക്ഷിണം വെച്ച് മടങ്ങി. മറ്റ് ഘടക പൂരങ്ങളുടെ വരവും മഴമൂലം കുഴഞ്ഞു. ഇതോടെ പുലര്‍ച്ചെ നടത്തേണ്ട വെടിക്കെട്ടും അനിശ്ചിതത്വത്തിലായി. കുഴികള്‍ മൂടിയിട്ടിട്ടുണ്ടെങ്കിലും ഭൂമി നനഞ്ഞതും തോരാത്ത മഴയും പുലര്‍ച്ചെ വെടിക്കെട്ട് ദേവസ്വങ്ങള്‍ ഉപേക്ഷിച്ചു. ബുധനാഴ്ച വൈകീട്ട് നടത്താനായി ദേവസ്വങ്ങള്‍ തീരുമാനിച്ചുവെങ്കിലും ജില്ലാ ഭരണകൂടവും പോലീസുമായും ചര്‍ച്ച ചെയ്ത് സമയത്തില്‍ വ്യക്തത വരുത്തും.
പൂരത്തിന്റെ ഏറ്റവും വലിയ ആകര്‍ഷണമായ, വര്‍ണ വിസ്മയങ്ങള്‍ തീര്‍ത്ത കുടമാറ്റം നടന്നു. കുടമാറ്റത്തിന്റെ അവസാനം ശക്തമായ മഴ പെയ്തിട്ടും ആവേശം തളര്‍ത്താനായില്ല. ഇതിനിടെ പൂരത്തിരക്കിനിടയില്‍പ്പെട്ട് വയോധികന്‍ മരിച്ചു. ചെറായി തൈവളപ്പില്‍ വീട്ടില്‍ സലീം (62) ആണ് മരിച്ചത്. കുടമാറ്റത്തിന് ശേഷം രാത്രിയില്‍ തേക്കിന്‍കാട് മൈതാനിയില്‍ കണ്ടെത്തിയ ഇയാളെ സിവില്‍ ഡിഫന്‍സ് വളണ്ടിയര്‍മാരാണ് ജനറല്‍ ആശുപത്രിയിലെത്തിച്ചത്. പോലീസെത്തി ദേഹ പരിശോധന നടത്തിയതില്‍ ലഭിച്ച തിരിച്ചറിയല്‍ കാര്‍ഡില്‍ നിന്നുമുള്ള വിലാസത്തില്‍ ബന്ധപ്പെട്ട് ആളെ സ്ഥിരീകരിച്ചു.
പൂരം കാണാനെത്തിയതായിരുന്നു സലീം. പൂരത്തിന് വന്‍ തിരക്കായിരുന്നു അനുഭവപ്പെട്ടത്. തിക്കിലും തിരക്കിലുംപെട്ട് നിരവധിയാളുകള്‍ക്കാണ് പരിക്കേറ്റത്. നിരവധി പേരെ ദേഹാസ്വാസ്ഥ്യമനുഭവപ്പെട്ട് ആശുപത്രികളിലും പ്രവേശിപ്പിച്ചു. നിരവധിയാളുകള്‍ തേക്കിന്‍കാട് മൈതാനിയില്‍ സജ്ജമാക്കിയ ആരോഗ്യവകുപ്പിന്‍റെ വിവിധ കൗണ്ടറുകളില്‍ ചികിത്സ തേടിയെത്തി. തിരക്കില്‍ പെട്ട് കൈ കാലുകള്‍ ഒടിഞ്ഞവരും കൂട്ടത്തിലുണ്ട്.
തേക്കിന്‍കാട് മൈതാനിയിലെ കണ്‍ട്രോള്‍ റൂമിനോട് ചേര്‍ന്ന ആരോഗ്യ വകുപ്പിന്‍റെ മുഖ്യകൗണ്ടറില്‍ രാത്രി എട്ടോടെ തന്നെ ചികിത്സ തേടി നൂറിലേറെ പേരെത്തി. ആളുകളുടെ തിരക്കില്‍ പോലീസ് ബാരിക്കേടുകള്‍ തകര്‍ന്നും മറ്റും വീണവരുടെ കാലുകളാണ് പൊട്ടിയത്. ഇതോടൊപ്പം നെഞ്ചുവേദനയെ തുടര്‍ന്ന് ചികിത്സ തേടിയ എ.ആര്‍ ക്യാമ്പിലെ എസ്.ഐയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരക്ക് നിയന്ത്രിക്കാന്‍ ശ്രമിക്കുന്നതിനിടെ പോലീസുകാര്‍ക്കും പരിക്കേറ്റിരുന്നു. ആരോഗ്യ വകുപ്പിന്‍റെയും ആക്‌ട്സിന്റെയും ആംബുലന്‍സുകള്‍ പൂരനഗരിയിലുണ്ട്.