തിരുവനന്തപുരം : നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കിയവര്‍ക്ക് സര്‍ട്ടിഫിക്കറ്റുമായി തിരുവനന്തപുരം നഗരസഭ. നിരീക്ഷണം പൂര്‍ത്തിയാക്കിയവരുടെ വീടുകളില്‍ ഒട്ടിച്ച സ്റ്റിക്കറുകളും മാറ്റി. രോഗം സ്ഥിരീകരിച്ച് നാലുപേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്.
നിരീക്ഷണ കാലാവധി ലംഘിച്ച് പലരും പുറത്തിറങ്ങിയതോടെയാണ് സ്റ്റിക്കര്‍ ഒട്ടിക്കാന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചത്. വീട്ടിലേക്ക് ആരും വരാതിരിക്കാനും വീട്ടിലുള്ളവര്‍ പുറത്തിറങ്ങിയാല്‍ അയല്‍വാസികള്‍ അറിയുന്നതിനുമായിരുന്നു നടപടി. 1620 പേരാണ് ഇതുവരെ നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കിയത്. ജില്ലാ കളക്ടറും വട്ടിയൂര്‍ക്കാവ് എംഎല്‍എ വി കെ പ്രശാന്തും ചേര്‍ന്ന് നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കിയവരുടെ വീട്ടിലെ സ്റ്റിക്കര്‍ മാറ്റി.
ഒപ്പം നിരീക്ഷണകാലത്ത് മിടുക്കരായി വീട്ടിലിരുന്നവരെ അഭിനന്ദിക്കാന്‍ നഗരസഭയുടെ സര്‍ട്ടിഫിക്കറ്റും. മേയര്‍ കെ ശ്രീകുമാര്‍ ആദ്യ സര്‍ട്ടിഫിക്കറ്റ് കൈമാറി. നിരീക്ഷണത്തിലിരുന്നവര്‍ക്കും നഗരസഭക്കും ഒരുപോലെ സഹായകമാകുന്നതിനാണ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതെന്ന് മേയര്‍ പറഞ്ഞു. ജില്ലയിൽ 6245 പേർ വീടുകളിലും 92 പേര്‍ ആശുപത്രികളിലുമായാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.