തിരുവനന്തപുരം : ജില്ലയില്‍ കൊവിഡ് രോഗികളില്ലെങ്കിലും നിയന്ത്രണം കടുപ്പിച്ച് പോലീസ്. ജില്ലയിലെ പ്രധാന മാര്‍ക്കറ്റായ ചാലയില്‍ തിരക്ക് അനിയന്ത്രിതമായതോടെ പോലീസ് കടകള്‍ അടപ്പിച്ചു. മാര്‍ക്കറ്റില്‍ വാഹനങ്ങളുമായി വരുന്നതിനും നിയന്ത്രണമേര്‍പ്പെടുത്തി. തിരുവനന്തപുരത്ത് കൊവിഡ് രോഗികളില്ലെങ്കിലും ആശ്വസിക്കാന്‍ സമയമായിട്ടില്ല. അതുകൊണ്ടാണ് ജില്ലയിലെ പ്രധാന കമ്പോളമായ ചാലയില്‍ നിയന്ത്രണം കടുപ്പിക്കാന്‍ പോലീസ് തീരുമാനിച്ചത്.
കാറുകളും ബൈക്കുകളും ചരക്ക് ഇറക്കുന്ന ലോറികളും നിറഞ്ഞ് തിരക്കായതോടെ പോലീസ് അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകളൊഴികെയെല്ലാം അടപ്പിക്കുകയായിരുന്നു. എന്നാല്‍ കടകളില്‍ സാമൂഹിക അകലം പാലിച്ചിരുന്നതായും ഇപ്പോഴും കടകള്‍ തുറക്കുന്നത് സംബന്ധിച്ച് അവ്യക്തത നിലനില്‍ക്കുന്നതായും വ്യാപാരികള്‍ പ്രതികരിച്ചു. ലോക്ക്ഡൗണ്‍ തീരുന്നതുവരെ ചാല പോലെ തിരക്കുള്ള സ്ഥലങ്ങളില്‍ ഇളവ് നല്‍കണ്ടെന്നാണ് പോലീസിന്റെ തീരുമാനം. എല്ലാ കടകളും തുറക്കാമെന്നാണ് കേന്ദ്ര നിര്‍ദേശം ഉണ്ടെങ്കിലും നിരത്തുകളിലും കടകളിലും തിരക്ക് വര്‍ധിക്കുന്നതാണ് പോലീസിനെ കുഴയ്ക്കുന്നത്.